കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കരയില്‍ പാടത്തിനോടു ചേര്‍ന്നുള്ള പതിനഞ്ചോളം വീടുകളില്‍ ഒഴിയാതെ വെള്ളക്കെട്ട് ഭീഷണി

കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കരയില്‍ പാടത്തിനോടു ചേര്‍ന്നുള്ള പതിനഞ്ചോളം വീടുകളില്‍ ഒഴിയാതെ വെള്ളക്കെട്ട് ഭീഷണി. 2018ലെ വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ വെള്ളം കയറിയതോടെ പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരുന്നു. തുടര്‍ന്നു വീടുകള്‍ക്കു മുന്‍പിലൂടെ പോകുന്ന തോടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയും ഭിത്തി നിര്‍മിക്കുകയും ചെയ്തു. 7 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്. എന്നാല്‍ ഇത്തവണ മഴ കനത്തതോടെ തോടു നിറഞ്ഞു വെള്ളം വീടുകളിലേക്ക് ഒഴുകിയെത്തി. ലക്ഷങ്ങള്‍ ചെലവിട്ടു നടത്തിയ പദ്ധതി ഫലപ്രദമായില്ലെന്നു നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രന്‍, മെമ്പര്‍ പ്രഭാത മുല്ലപ്പള്ളി , എം ബാലാജി , കെ കൊച്ചനിയന്‍ എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. പാടത്തേക്കു ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ തോടിന്റെ ആഴം കൂട്ടാതെയാണ് പദ്ധതി നടപ്പാക്കിയത്. വീടുകളിലേക്കു വെള്ളം കയറുന്നതു തടയാന്‍ ആവശ്യമുള്ള ഉയരം ഭിത്തിക്കും ഉണ്ടായില്ല. ഭിത്തിയുടെ ഉറപ്പിനെ സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്.