ശക്തമായ മഴയില്‍ എരുമപ്പെട്ടി വേലൂര്‍ പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം. എരുമപ്പെട്ടി, നെല്ലുവായ്, പഴവൂര്‍, തയ്യൂര്‍, കോട്ടപ്പുറം, വെള്ളറക്കാട്, പാത്രമംഗലം, പുലിയന്നൂര്‍ ഭാഗങ്ങളില്‍ വെള്ളം കയറി.നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റി പാര്‍പ്പിച്ചു.വാഴാനി ഡാം തുറന്നതിനെ തുടര്‍ന്ന് എരുമപ്പെട്ടിയിലൂടെ ഒഴുകുന്ന വടക്കാഞ്ചേരി പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്. നെല്ലുവായില്‍ പത്ത് വീടുകളില്‍ വെള്ളം കയറി. നെല്ലുവായ് നമ്പ്രം പ്രദേശത്ത് 4 വീടുകളില്‍ വെള്ളം കയറി. തയ്യൂരില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ വെള്ളം കയറി.എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയില്‍ രവിയുടെ വീടിന് സമീപത്തെക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. പഴവൂരില്‍ അഞ്ച് കുടുംബങ്ങളെ പഴവൂര്‍ ക്ഷേത്ര ഹാളിലേക്ക് മാറ്റി. തയ്യൂര്‍ ലോകരത്തിക്കാവ് പരിസരത്ത് നിന്നും അഞ്ച് കുടുംബങ്ങളെ തയ്യൂര്‍ ഹൈസ്‌ക്കൂളിലേക്ക് മാറ്റി. പുലിയന്നൂര്‍ മുട്ടിപ്പാലത്തിന് സമീപത്ത് നിന്ന് മൂന്ന് കുടുംബങ്ങളെ തയ്യൂര്‍ സ്‌കൂളിലേക്കും പഴവൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് പത്ത് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ പഴവൂര്‍ ജുമാ മസ്ജിദിലേക്കും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രൂക്ഷമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് എരുമപ്പെട്ടി നെല്ലുവായ് റോഡ്, മങ്ങാട് കോട്ടപ്പുറം റോഡ്, പാത്രമംഗലം റോഡ്, വെള്ളറക്കാട് റോഡ് എന്നീ റോഡുകളിലെ ഗതാഗതം സ്തംഭിച്ചു.