സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞ് വീണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ചു

202

സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞ് വീണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കരുവന്തല മാമ്പ്രതൊട്ടിപറമ്പില്‍ മഹേഷ് കാര്‍ത്തികേയന്റെ മകള്‍ ദേവിഭദ്ര (6) യാണ് മരിച്ചത്. മേച്ചേരിപ്പടി എസ്.എന്‍.എ എല്‍.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവി ഭദ്ര. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.

ഏനാമാവ് കരുവന്തല മാമ്പ്ര തൊട്ടിപ്പറമ്പില്‍ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി രാവിലെ ക്ഷേത്രത്തിലെത്തിയതായിരുന്നു ദേവിഭദ്രയും മറ്റ് കുടുംബാംഗങ്ങളും. പൂജകള്‍ കഴിഞ്ഞ് ദേവിഭദ്ര ബന്ധുക്കളായ മറ്റു കുട്ടികളോടൊപ്പം സമീപത്തെ റോഡരുകില്‍ കളിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ മതില്‍ ദേവിഭദ്രയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ലക്ഷ്മിയാണ് മാതാവ്. കാശിനാഥന്‍ സഹോദരനാണ്.