ഒറ്റപ്പിലാവ് മുട്ടിപ്പാലം തടയണയുടെ പുനര്‍ നിര്‍മാണം നടത്താത്തത് മുണ്ടകന്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ക്കു തിരിച്ചടിയാകും

 

ഒറ്റപ്പിലാവ് മുട്ടിപ്പാലം തടയണയുടെ പുനര്‍ നിര്‍മാണം നടത്താത്തത് മുണ്ടകന്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ക്കു തിരിച്ചടിയാകും. തടയണ തകര്‍ന്നതോടെ മുട്ടിപ്പാലം തോട്ടില്‍ ജലസംഭരണം നടക്കുന്നില്ല. കടവല്ലൂര്‍, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ഈ തോടിനെ ആശ്രയിച്ചാണു താഴാപ്പുറം പാടം, പുറ്റിങ്ങല്‍ പാടം, കാക്കശ്ശേരി പാടം എന്നീ പാടശേഖരങ്ങളിലെ 400 ഏക്കറോളം നെല്‍ക്കൃഷി നിലനില്‍ക്കുന്നത്.പാലത്തിന്റെയും തടയണയുടെയും പുനര്‍നിര്‍മാണവും തോടിന്റെ നവീകരണവും ആവശ്യപ്പെട്ടു കര്‍ഷകര്‍ മുട്ടാത്ത വാതിലുകളില്ല. 2 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഡിപിആര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണു നവകേരള സദസ്സില്‍ കൊടുത്ത നിവേദനത്തിനു ജലസേചന വകുപ്പിന്റെ മറുപടി. നഗര സഞ്ജയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിക്കും എന്നു പഞ്ചായത്തും പറയുന്നുണ്ട്.
തോട് നവീകരണ പദ്ധതിക്കു വേണ്ടി തണത്തറ മുതല്‍ മുട്ടിപ്പാലം വരെ സര്‍വേ നടത്തുകയും പുറമ്പോക്കു ഭൂമി കണ്ടെത്തി കുറ്റിയടിക്കുകയും ചെയ്തിട്ടു 2 വര്‍ഷം പിന്നിട്ടു.വരള്‍ച്ച മൂലം കഴിഞ്ഞ വര്‍ഷം വന്‍ കൃഷി നാശമാണു കടവല്ലൂര്‍ പഞ്ചായത്തില്‍ ഉണ്ടായത്. എന്നിട്ടും തങ്ങള്‍ ആവശ്യപ്പെടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണു കര്‍ഷകരുടെ പരാതി.