ഔഷധ കഞ്ഞിയുണ്ടാക്കുന്നതില്‍ വേറിട്ട രീതികൊണ്ട് ശ്രദ്ധ നേടി മാതൃ സമിതി

കര്‍ക്കിടകം പിറന്നാല്‍ ആരോഗ്യ പരിപാലനത്തിനും രോഗപ്രതിരോധ ശേഷിക്കും വേണ്ടി ക്ഷേത്രങ്ങളും ആയൂര്‍വേദ ആശുപത്രികളും കേന്ദ്രീകരിച്ച് ഔഷധ കഞ്ഞി വിതരണം നടത്തുന്നത് നമുക്ക് സുപരിചിതമാണ്. എന്നാല്‍ ഔഷധ കഞ്ഞിയുണ്ടാക്കുന്നതില്‍ വേറിട്ട രീതികൊണ്ട് ശ്രദ്ധ നേടുകയാണ് തളി ചേലൂര്‍ ദേവിച്ചിറ അന്തിമഹാകാളന്‍ക്കാവ് ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മാതൃ സമിതി. കടകളില്‍ നിന്നും ആയുര്‍വേദ ശാലകളില്‍ നിന്നും ലഭിക്കുന്ന ഔഷധകൂട്ട് വാങ്ങിയാണ് സാധാരണ എല്ലായിടങ്ങളിലും ഔഷധ കഞ്ഞിയുണ്ടാക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി വനത്തില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന പച്ചമരുന്നുകള്‍ ഉപയോഗിച്ചാണ് തളി ചേലൂര്‍ അന്തിമഹാകാളന്‍ കാവില്‍ ഔഷധ കഞ്ഞിയുണ്ടാക്കി വിതരണം ചെയ്യുന്നത്. ഇല്ലംക്കെട്ടി,കുറുന്തോട്ടി,പുത്തിരി ചുണ്ട,കാട്ടുമുല്ല, പെരുവിന്‍ വേര്, ഇടിഞ്ഞില്‍ തോല്, പെരുങ്കട, നന്നാരി എന്നിവയാണ് ഔഷധകൂട്ടിലെ പ്രധാന മരുന്നുകള്‍. ഇത് മുഴുവനും വനത്തിനുള്ളില്‍ നിന്നാണ് ശേഖരിക്കുന്നത്.ക്ഷേത്രം പൂജാരി രാമചന്ദ്രന്‍, വിവിധ കമ്മറ്റി ഭാരവാഹികളായ നാരായണന്‍ മൂരിപ്പാറ, ഹരിദാസന്‍ കുറ്റിനിങ്ങാട്ട്, സ്മിത പരമേശ്വരന്‍, ഗോപിനാഥന്‍ ചക്കാല, ഹേമലത ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള മാതൃസമിതിയാണ് വനത്തില്‍ നിന്നും മരുന്ന് പറിക്കുന്നത്. നൂറ് കിലോഗ്രാമിലും കൂടുതല്‍ പച്ചമരുന്നാണ് ഇവര്‍ വനത്തില്‍ നിന്നും ശേഖരിക്കുന്നത്.പിന്നീട് ഇവ 10 ദിവസത്തോളം വെയിലില്‍ ഉണക്കി പൊടിച്ചാണ് മരുന്ന് കഞ്ഞിയുണ്ടാക്കുന്നത്.