കുന്നംകുളം നഗരസഭയില്‍ ആര്‍.ആര്‍.ആര്‍ (റെഡ്യൂസ്, റിയൂസ്, റീസൈക്കിള്‍) സെന്റര്‍ തുറന്നു. സ്വച്ഛ് സര്‍വേക്ഷന്‍, മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നഗരസഭ ഓഫീസ് അങ്കണത്തില്‍ ആര്‍.ആര്‍.ആര്‍. സെന്റര്‍ ഒരുക്കിയത്. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം. സുരേഷ്, പ്രിയ സജീഷ്, നഗരസഭ പൊതുജനാരോഗ്യവിഭാഗം ക്‌ളീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി.ജോണ്‍ എന്നിവര്‍ സംസാരിച്ചു.
പുനരുപയോഗ ശീലം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാലിന്യങ്ങളുടെ അളവ് കുറക്കുകയും പരസ്പര സഹായ മനോഭാവം വളര്‍ത്തുകയുമാണ് ആര്‍.ആര്‍.ആര്‍ സെന്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഉപയോഗയോഗ്യമായ തുണിത്തരങ്ങള്‍, ഇലട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ എല്ലാ വസ്തുക്കളും ആര്‍.ആര്‍.ആര്‍. സെന്ററില്‍ നല്‍കാം. ആവശ്യക്കാര്‍ക്ക് സൗജന്യമായി എടുക്കുകയും ചെയ്യാം.