24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയില്‍ സിപിഎമ്മിലെ സൗമ്യ അനിലന്‍ ചെയര്‍പേഴ്സനാകും, പി.ജി.ജയപ്രകാശ് വൈസ് ചെയര്‍മാനാകും

കുന്നംകുളം നഗരസഭയില്‍ സിപിഎമ്മിലെ സൗമ്യ അനിലന്‍ ചെയര്‍പേഴ്സനാകും, പി.ജി.ജയപ്രകാശ് വൈസ് ചെയര്‍മാനാകും

കുന്നംകുളം നഗരസഭയില്‍ കഴിഞ്ഞ കൗണ്‍സിലിലെ ഉപാധ്യക്ഷയും, സിപിഎം കുന്നംകുളം വെസ്റ്റ് ലോക്കല്‍ കമ്മറ്റിയംഗവമായ സൗമ്യ അനിലന്‍ ചെയര്‍പേഴ്സനാകും. മുന്നണി- പാര്‍ട്ടിതല ചര്‍ച്ചകള്‍ക്കും, കൂടിയാലോചനകള്‍ക്കും ഒടുവിലാണ് തീരുമാനം. നഗരസഭ നാലാം വാര്‍ഡില്‍ നിന്ന് 284 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സൗമ്യ ഇക്കുറി വിജയിച്ചത്. വൈസ് ചെയര്‍മാനാകുന്ന പി.ജി. ജയപ്രകാശ് 2005-2010 കാലയളവില്‍ നഗരസഭയുടെ ചെയര്‍മാനായിരുന്നു. നിലവില്‍ സിപിഎമ്മിന്റെ കുന്നംകുളം ഏരിയ കമ്മറ്റിയംഗവും സിഐടിയു ഏരിയ ട്രഷററുമാണ്. നഗരസഭ 5-ാം വാര്‍ഡ് കിഴൂര്‍ സെന്ററില്‍ നിന്ന് 65 വോട്ടുകള്‍ക്കാണ് ജയപ്രകാശ് വിജയിച്ചത്.

39 അംഗ ഭരണസമിതിയില്‍ 18 സീറ്റ് നേടിയ എല്‍ഡിഎഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. യുഡിഎഫിന് 09 അംഗങ്ങളും, ബിജെപിയ്ക്ക് 07 അംഗങ്ങളും ആര്‍എംപിയ്ക്ക് 04 അംഗങ്ങളുമുണ്ട്.ഒരു കോണ്‍ഗ്രസ്സ് വിമതയും വിജയിച്ചിരുന്നു. 2015ലും, 2020ലും കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ട് കൂടി സിപിഎം നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാധിപത്യമുന്നണിയാണ് ഭരണം നടത്തിയിരുന്നത്. ഇതേ സ്ഥിതിവിശേഷം തന്നെ ഇക്കുറിയും തുടരും.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന സമയത്ത് ഭരണത്തിനായ് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടന്നിരുന്നുവെങ്കിലും പിന്നീട് യുഡിഎഫ് പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റും, യുഡിഎഫ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനുമായിരുന്ന അഡ്വ.സി.ബി.രാജീവ് വ്യക്തമാക്കിയിരുന്നു.ഇതോടെ ശനിയാഴ്ചത്തെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാകില്ലെന്നാണ് സൂചനകള്‍.

ADVERTISEMENT
error: Content is protected !!