നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈകുണ്ഠ ഏകാദശി ആഘോഷം ആരംഭിച്ചു. ആയൂര്‍വ്വേദ സ്വരൂപനായ ധന്വന്തരി ഭഗവാനെ ദര്‍ശിക്കുവാനും ദിവ്യ ഔഷധമായ മുക്കിടി സേവിക്കുവാനും വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആയൂര്‍വേദത്തിന്റെ ദേവനാണ് ശ്രീ ധന്വന്തരി. ഭാരതത്തിലെ ധന്വന്തരീ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ക്ഷേത്രമായതിനാല്‍ കേരളത്തിനകത്തും പുറത്തും ് നിന്നുമായി ആയിരകണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. പുലര്‍ച്ചെ 4 ന് ആരംഭിച്ച നിര്‍മ്മാല്യ ദര്‍ശനത്തിന് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
രാവിലെ 6 ന് സ്‌തോത്രപഞ്ചാശിക പാരായണം, നാരായണീയ പാരായണം 7 ന് സംഗീതാര്‍ച്ചന എന്നിവ നടന്നു. 10.30 ന് നടന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ പ്രഗത്ഭരായ സംഗീതഞ്ജര്‍ പങ്കെടുത്തു. (പഞ്ചരത്‌നം )10 മണി മുതല്‍ ആരംഭിച്ച മഹാ അന്നദാനത്തിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചതിരിഞ്ഞ് 1.30 പഞ്ചവാദ്യത്തിന്റേയും ഗജവീരന്മാരുടെയും അകമ്പടിയോടെ കാഴ്ചശീവേലി എഴുന്നള്ളിപ്പ് ആരംഭിക്കും. തുടര്‍ന്ന് മേളത്തിന്റെ അകമ്പടിയോടെ ഗജവീരന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. ആഘോഷ ചടങ്ങുകള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ക്ഷേത്ര ഉപദേശക സമിതിയും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. വൈകീട്ട് 6 ന് ദീപാരാധന, സ്‌പെഷ്യല്‍ നാദസ്വരം, 7 ന് ഭക്തി ഗാനസുധ, രാത്രി 10 ന് ഡബിള്‍ തായമ്പക, വിളക്കെഴുന്നെളളിപ്പ് എന്നിവ നടക്കും.



