കുന്നംകുളം നഗരസഭ പത്താം വാര്‍ഡില്‍ ഉള്‍പ്പെട്ട പാറേമ്പാടം മേഖലയില്‍ വ്യാപകമായി തീപിടുത്തം. കൊയ്ത്ത് കഴിഞ്ഞ ഏകദേശം അഞ്ച് ഏക്കറോളം വരുന്ന പാടശേഖരത്തിലെ പുല്ലിനും അടിക്കാടിനുമാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ജനവാസ മേഖലയ്ക്ക് സമീപമുള്ള ഈ പാടത്ത് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ഉണങ്ങിക്കിടന്ന പുല്ലായതിനാല്‍ അതിവേഗം തീ പടരുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ കുന്നംകുളം അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അഗ്‌നിശമന സേനയുടെ മിസ്റ്റ് ടെക്‌നോളജി യൂണിറ്റില്‍ നിന്ന് വെള്ളം പമ്പ് ചെയ്തും, ഫയര്‍ ബീറ്ററുകള്‍ ഉപയോഗിച്ച് അടിച്ചും ഏറെ പരിശ്രമിച്ചാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്. കൃത്യസമയത്ത് ഇടപെട്ടതിനാല്‍ സമീപത്തെ പുരയിടങ്ങളിലേക്കോ വീടുകളിലേക്കോ തീ പടരുന്നത് ഒഴിവാക്കാന്‍ സാധിച്ചു. വേനല്‍ കടുത്തതോടെ പാടശേഖരങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഗ്‌നിശമന സേന അറിയിച്ചു.



