10 വര്‍ഷം നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കുന്നംകുളത്ത് എല്‍ഡിഎഫിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് എ.സി.മൊയ്തീന്‍ എംഎല്‍എ. മീറ്റ് ദി കാന്‍ഡിഡേറ്റ് ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞ വാക്ക് പാലിക്കാനാണ് എല്‍ഡിഎഫ് കഴിഞ്ഞ 10 വര്‍ഷവും ശ്രമിച്ചത്. നാടിന്റെ സമസ്ത മേഖലയിലും പുരോഗതിയുണ്ടായ വര്‍ഷങ്ങളാണ് കടന്ന് പോയത്. നാടിന് ഗുണപ്രദമാകാന്‍ സാധിക്കുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങളും സമയബന്ധിതമായി നടപ്പിലാക്കി. അപൂര്‍വം ചില നിര്‍മ്മാണ പ്രവര്‍ത്തികള്‍ മാത്രമാണ് ഉദ്ഘാടനം നടത്താനാകാതെ പോയത്. ജനം എല്ലാം കണ്ടും അനുഭവിച്ചും അറിഞ്ഞതാണ്. എം.എല്‍.എ. പറഞ്ഞു.
നോമിനേഷന്‍ വിവാദം മനപൂര്‍വ്വമുള്ള യുഡിഎഫ് സൃഷ്ടിയാണ്. അതിന്റെ നിയമപോരാട്ടങ്ങളെ ആശങ്കപ്പെടുന്നില്ല. ഡീല്‍ വിവാദത്തിന് അമിത പ്രാധാന്യം നല്‍കുന്നില്ല. വികസനനേട്ടങ്ങളും, കേന്ദ്രത്തിന്റെ അവഗണനയുമാണ് പ്രചരണത്തിന്റെ മുഖ്യവിഷയങ്ങള്‍. പറയുന്നവരുടെ രാഷ്ട്രീയ നീക്കുപോക്കുകള്‍ ജനത്തിന് നന്നായി അറിയുന്നതാണ്.എ.സി.മൊയ്തീന്‍ പറഞ്ഞു. ആര്‍എംപിയുടെ യുഡിഎഫ് പിന്തുണയില്‍ അസ്വാഭാവീകതയില്ലെന്നും, തുറക്കുളം മാര്‍ക്കറ്റിന്റെ വികസനത്തിന് തടസ്സമായത് കോടതി വ്യവഹാരങ്ങളാണെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. എരുമപ്പെട്ടിയിലെ ആരോഗ്യകേന്ദ്രത്തില്‍ കിടത്ത് ചികിത്സ തുടങ്ങണമെന്ന് തന്നെയാണ് നിലപാട്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് എല്‍ഡിഎഫ് എന്നും, കുന്നംകുളത്ത് ഉള്‍പ്പെടെ എവിടെ പോലീസ് മര്‍ദ്ദനം നടന്നാലും ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നും എ.സി.മൊയ്തീന്‍ കൂട്ടിചേര്‍ത്തു.
നേതാക്കളായ എം.ബാലാജി, എം.എന്‍.സത്യന്‍, കെ.കൊച്ചനിയന്‍, പ്രേംരാജ് ചൂണ്ടലാത്ത്, ഇ.എ.ദിനമണി, പി.എസ്.രാജന്‍, കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സന്‍ സൗമ്യ അനിലന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.



