കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ ചാലിശ്ശേരി പഞ്ചായത്തിലെ തോടുകളും പാടശേഖരങ്ങളും നിറഞ്ഞുകവിഞ്ഞു. മഴക്കാലം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പ്രദേശത്ത് ഇത്രയും ശക്തമായ മഴ ലഭിക്കുന്നത്. മഴയെ തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ തോടുകളിലും പാടശേഖരങ്ങളിലുമായി ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. മുക്കൂട്ട, കല്ലുംപുറം പാടശേഖരങ്ങളിലൂടെ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെട്ടത്. മഴവെള്ളം കുത്തിയൊലിച്ചതോടെ പാടശേഖരങ്ങള്‍ മഴക്കാലത്തിന്റെ സജീവ ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ശനിയാഴ്ച പകല്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായത് ജനങ്ങള്‍ക്ക് ആശ്വാസമായി.



