ലോക കപ്പിലെ അര്‍ജന്റീന -ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തിനിടയില്‍ കെ.എസ്.ഇ.ബിയുടെ പവ്വര്‍ക്കട്ട് പ്രഖ്യാപനം. ഇന്നലെ അര്‍ദ്ധരാത്രിയില്‍ എരുമപ്പെട്ടിയിലെ കെ.എസ്.ഇ.ബി ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സംസ്ഥാന സര്‍ക്കാര്‍ പവര്‍കട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ. എസ്.ഇ.ബി എരുമപ്പെട്ടി സെക്ഷന് കീഴിലുളള കടങ്ങോട് മേഖലയില്‍ ഇന്ന് പുലര്‍ച്ചെ 12.42 മുതല്‍ 1.7 വരെ പവര്‍കട്ട് പ്രഖ്യാപിച്ചിരുന്നു. 12.30 മുതലാണ് അര്‍ജന്റീന – ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം ആരംഭിക്കുന്നത്. ഇതിനിടയിലാണ് കടങ്ങോട് മേഖലയില്‍ 25 മിനിറ്റോളം സമയം പവര്‍കട്ട് പ്രഖ്യാപിച്ചത്. കെ.എസ്.ഇ.ബി പൊതു ഗ്രൂപ്പില്‍ അറിയിപ്പ് കണ്ടതിനെ തുടര്‍ന്ന് കടങ്ങോട് മേഖലയിലെ ഡി. വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പവര്‍കട്ട് സമയം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ ആദ്യം വിസമ്മതിച്ചു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ കയറി കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സമരം ശക്തമായതിനെ തുടര്‍ന്ന് 12.45 ഓടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പവര്‍കട്ടിന്റെ സമയം മാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കളിയുടെ സമയത്ത് പവര്‍കട്ട് ഉണ്ടാവുകയില്ല എന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. വിവരമറിഞ്ഞ് എരുമപ്പെട്ടി പോലീസും എത്തിയിരുന്നു.ലോക കപ്പ് മത്സരസമയത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പവര്‍കട്ട് കായികപ്രേമികളോടുള്ള വഞ്ചനയും വെല്ലുവിളിയും ആണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.എച്ച്.ലാഷ്, കടങ്ങോട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു.വി.ഗിരീഷ്, ലോക്കല്‍ കമ്മിറ്റിയംഗം സി.വി. സുഭാഷ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി പി.ബി.വിഷ്ണു, പ്രസിഡന്റ് കെ.സി.നിമില്‍ എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.



