ചാലിശ്ശേരി പഞ്ചായത്തിലെ കോതമംഗലം,കാക്കശ്ശേരി പാടശേഖരത്തിലെ കര്‍ഷകര്‍ക്കുള്ള വിത്തുവിതരണം നടന്നു. ഇരു പാടശേഖരത്തിലുമായി ഇരുനൂറ് ഏക്കര്‍ മുണ്ടകന്‍ കൃഷിയിടത്തിലേക്കാവശ്യമായി വരുന്ന ഉമ ഇനത്തില്‍പ്പെട്ട വിത്താണ് കൃഷിഭവന്‍ വഴി പഞ്ചായത്ത് സൗജന്യമായി വിതരണം ചെയ്തത്. കര്‍ഷകനും കോതമംഗലം പാടശേഖര സമിതി പ്രസിഡണ്ടുമായ സേതു മുഹമ്മദിന്റെ വസതിയില്‍ വെച്ച് നടന്ന വിത്തു വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റംല വീരാന്‍കുട്ടി നിര്‍വ്വഹിച്ചു. പഞ്ചായത്തു പദ്ധതി വിഹിതം കൃത്ത്യമായി ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പരമാധി ലഭ്യമാക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. കോതമംഗലം പാടശേഖര സമിതി പ്രസിഡണ്ട് മോഹനന്‍ പൊന്നുള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് ബാബു, മെമ്പര്‍മാരായ മോനു , സിജി സാബു, കാക്കശേരി പാടശേഖര സമിതി സെക്രട്ടറി സുനില്‍ പി.ബി, ചാലിശേരി കൃഷി ഓഫീസര്‍ സൂര്യ സി എന്നിവര്‍ സംസാരിച്ചു.



