26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സൗജന്യ മെഡിക്കല്‍, നേത്ര പരിശോധന ക്യാമ്പ്

ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സൗജന്യ മെഡിക്കല്‍, നേത്ര പരിശോധന ക്യാമ്പ്

42

ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡും, കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ഡോ. റാണി മേനോന്‍ മാക്‌സിവിഷന്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കല്‍, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. നിധീഷ് നിര്‍വ്വഹിച്ചു. ഒന്നാം വാര്‍ഡ് മെമ്പറും വൈസ് പ്രസിഡന്റുമായ സബേറ്റ വര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു. മലങ്കര മെഡിക്കല്‍ മിഷന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ശ്വാസകോശ രോഗ വിഭാഗം, ഹൃദ്രോഗം, നാഡീരോഗം, ശിശുരോഗം, അസ്ഥിരോഗം, അര്‍ബുദ രോഗം, സ്ത്രീരോഗം, ഇ.എന്‍.ടി, ഡയറ്റീഷ്യന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കി. ഇതിനുപുറമേ ക്യാമ്പില്‍ എത്തിയവര്‍ക്കായി സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയവും നടത്തിയിരുന്നു. 40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കായി സ്തനാര്‍ബുദം മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള ‘ഫുള്‍ ഫീല്‍ഡ് ഡിജിറ്റല്‍ മാമോഗ്രഫി’ പരിശോധനയ്ക്ക് പ്രത്യേക ഇളവുകളും ക്യാമ്പില്‍ നല്‍കി. 2,500 രൂപ നിരക്കുള്ള ഈ പരിശോധന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് 1,000 രൂപയ്ക്ക് ആശുപത്രിയില്‍ വെച്ച് ചെയ്തുനല്‍കുന്നതിനുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും വിതരണം ചെയ്തു. തൃശ്ശൂര്‍ ഡോ. റാണിമേനോന്‍ മാക്‌സിവിഷന്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടന്ന നേത്ര പരിശോധന ക്യാമ്പില്‍ കമ്പ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധനയ്ക്ക് പുറമേ തിമിരം, ഗ്ലോക്കോമ, റെറ്റിന രോഗ നിര്‍ണ്ണയങ്ങളും ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി. ആരോഗ്യ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ മെഡിസെപ് കാര്‍ഡുള്ള രോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്യാനുള്ള സൗകര്യവും, പ്രിവിലേജ് / യൂറ കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് മാസത്തെ കോണ്‍ടാക്റ്റ് ലെന്‍സുകളും ഒ.സി.ടി സ്‌കാനിംഗിന് പ്രത്യേക ഇളവുകളും ക്യാമ്പിലൂടെ ലഭ്യമാക്കി.നാട്ടുകാര്‍ക്ക് ഏറെ പ്രയോജനപ്രദമായ ഈ ക്യാമ്പില്‍ നിരവധി ആളുകളാണ് പങ്കെടുത്ത് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 1 മണി വരെ നീണ്ടുനിന്നു.

 

ADVERTISEMENT
error: Content is protected !!