25.3 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur അഗ്‌നിശമനസേന ഓഫീസില്‍ വെള്ളം കയറി ; സേനാംഗങ്ങള്‍ ദുരിതക്കയത്തില്‍

അഗ്‌നിശമനസേന ഓഫീസില്‍ വെള്ളം കയറി ; സേനാംഗങ്ങള്‍ ദുരിതക്കയത്തില്‍

കനത്ത മഴയില്‍ ജനങ്ങളെ രക്ഷിക്കാന്‍ എപ്പോഴും സജ്ജരായിരിക്കേണ്ട ഗുരുവായൂര്‍ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ദുരിതക്കയത്തില്‍. മഴ പെയ്താല്‍ ഓഫീസിനുള്ളിലേക്ക് വെള്ളം കയറുകയും, കെട്ടിടം ഏത് നിമിഷവും ഇടിഞ്ഞുവീഴുമെന്ന ഭീതിയിലുമാണ് അഗ്‌നിശമനസേന ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ആധുനിക സൗകര്യങ്ങളോടെ പുതിയ ഓഫീസ് കെട്ടിടം ആറുമാസം മുമ്പ് തന്നെ പൂര്‍ത്തിയായിട്ടും സാങ്കേതിക കാരണങ്ങളാല്‍ അവിടേക്ക് മാറാനാകാതെ പഴയ കെട്ടിടത്തില്‍ തന്നെ തുടരേണ്ടിവരികയാണ്. കെ.വി.സുബൈര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.തെക്കേനടയില്‍ ദേവസ്വം ബാച്ചിലേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് ഗുരുവായൂര്‍ ദേവസ്വം രണ്ട് നിലകളുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കെട്ടിടം അഗ്‌നിരക്ഷാസേനയ്ക്ക് കൈമാറാനാണ് ഉദ്ദേശിച്ചത്. എന്നാല്‍, കെട്ടിടത്തിന് പ്രതിമാസം 1.80 ലക്ഷം രൂപ വാടക ദേവസ്വം ആവശ്യപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇത്രയും വലിയ തുക വാടകയായി നല്‍കാന്‍ കഴിയില്ലെന്നാണ് അഗ്‌നിശമനരക്ഷാസേനയുടെ നിലപാട്.
വാടക കുറച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സേന ആസ്ഥാനത്തുനിന്ന് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന കൗസ്തുഭം റെസ്റ്റ് ഹൗസ് ഉദ്ഘാടനച്ചടങ്ങില്‍ ദേവസ്വം മന്ത്രി, ദേവസ്വം കമ്മീഷണര്‍, ദേവസ്വം ചെയര്‍മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍. കെ. അക്ബര്‍ എം.എല്‍.എ ഈ വിഷയം പരസ്യമായി ഉന്നയിച്ചിരുന്നു. ഗുരുവായൂര്‍ അഗ്‌നിശമന സേന വര്‍ഷങ്ങളായി ദേവസ്വത്തിന്റെ കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. മഞ്ജുളാല്‍ പരിസരത്തുള്ള പഴയ കെട്ടിടത്തിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്ന് ആ കെട്ടിടം അപകടാവസ്ഥയിലായതോടെ അഞ്ച് വര്‍ഷം മുമ്പ് വടക്കേനടയിലെ കൈരളി ജംഗ്ഷനിലുള്ള പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് മാറ്റി. എന്നാല്‍, ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥ അതിലും ദയനീയമാണ്. മഴ പെയ്താല്‍ ഓഫീസിനുള്ളിലേക്ക് വെള്ളം കയറുന്നത് പതിവാണ്. കഴിഞ്ഞദിവസം പെയ്ത മഴയില്‍ ഓഫീസിലേക്ക് കയറിയ വെള്ളം ഉദ്യോഗസ്ഥര്‍ പമ്പ് ചെയ്തു കളയുകയാണ് ചെയ്തത്. കെട്ടിടത്തിന് അകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കുന്നതിനാലും ചോര്‍ച്ചയുള്ളതിനാലും ചുമരുകള്‍ കുതിര്‍ന്നിരിക്കുകയാണ്. കെട്ടിടം സൗജന്യമായി ലഭിച്ചതിനാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ആവശ്യപ്പെടാനും അഗ്‌നിരക്ഷാസേനയ്ക്ക് പ്രയാസമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചത്. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണവും സ്ഥാപനത്തിന്റെ പേരെഴുത്തുള്‍പ്പെടെയുള്ള എല്ലാ ജോലികളും പൂര്‍ത്തിയായിരിക്കുകയാണ്. ഇനി ആവശ്യമായ ഭരണാനുമതികളും ഔപചാരിക നടപടികളും പൂര്‍ത്തിയാക്കി ഉദ്ഘാടനം നടന്നാല്‍ മാത്രമേ അഗ്‌നിരക്ഷാസേനയ്ക്ക് പുതിയ കെട്ടിടത്തിലേക്ക് മാറാനാകൂ. മഴ ശക്തമാകുന്ന സാഹചര്യത്തില്‍, ജനങ്ങളെ രക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന സേനയെ ആദ്യം ഈ ദുരിതത്തില്‍ നിന്ന് രക്ഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

 

ADVERTISEMENT
error: Content is protected !!