സെറിബ്രല്‍ പാള്‍സി സ്പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരള, സംഘടിപ്പിക്കുന്ന സ്പോര്‍ട്ടിസ് എബിലിറ്റി ഫുട്‌ബോള്‍ മേള 2026 നു കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നതിനുമായാണ് കായികമേള സംഘടിപ്പിച്ചിരിക്കുന്നത്.സെറിബ്രല്‍ പാള്‍സി സ്പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരള, ബ്യൂമെര്‍ക് ഇന്ത്യ, സ്പോര്‍ട്ടിസ് എബിലിറ്റി ഹബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. മേളയില്‍ സംസ്ഥാനത്തെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളിലെ 9 സെന്ററുകളില്‍ നിന്നായി ഭിന്നശേഷിക്കാരായ 200 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബുദ്ധിപരമായ വൈകല്യങ്ങള്‍, കാഴ്ച – കേള്‍വി പരിമിതികള്‍, അസ്ഥിബന്ധമായ വൈകല്യങ്ങള്‍ എന്നിവ നേരിടുന്ന കുട്ടികള്‍ക്കായി ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.7 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളെ മൂന്ന് പ്രായവിഭാഗങ്ങളായി തിരിച്ചാണ് കായിക പരിപാടികള്‍ നടത്തുന്നത്. 13 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കായി ആവേശകരമായ സെവന്‍സ് ഫുട്‌ബോള്‍ ലീഗ് ടൂര്‍ണമെന്റ്ും സംഘടിപ്പിക്കുന്നുണ്ട്. നാല് ടീമുകള്‍ ഏറ്റുമുട്ടുന്ന ലീഗ് മത്സരങ്ങളില്‍ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ മാറ്റുരയ്ക്കും. വിദഗ്ധരായ 20 പരിശീലകരാണ് മത്സരം നിയന്ത്രിക്കുന്നത്. മേളയ്ക്ക് കുട്ടികളുടെ രക്ഷിതാക്കളും നേതൃത്വം നല്‍കി വരുന്നുണ്ട്. കുട്ടികളുടെ കായികക്ഷമതയും വിനോദവും ലക്ഷ്യമിട്ട് ഗോള്‍ സ്‌കോറിങ്, പെനാല്‍റ്റി ഷൂട്ട്ഔട്ട്, ഡ്രിബ്ലിങ്, ബൗളിങ്, രക്ഷിതാക്കളും കുട്ടികളും ഒരുമിക്കുന്ന പാസിങ് ചലഞ്ച് ഉള്‍പ്പെടെ 8 പ്രത്യേക ഫുട്‌ബോള്‍ ആക്റ്റിവിറ്റി സോണുകളും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്.പെണ്‍കുട്ടികളുടെ കായിക പങ്കാളിത്തവും ശാക്തീകരണവും ലക്ഷ്യമിട്ട് നടത്തുന്ന ഗേള്‍സ് ‘ഫൈവ്‌സ് ഷോകേസ് മാച്ച്’. ഇത്തവണത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. രാവിലെ 8 ന് കായിക താരങ്ങളുടെ മാര്‍ച്ച് പാസ്സ് ഉണ്ടായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ പതാക ഉയര്‍ത്തി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബീനാ ബാബു, സി പി എസ് എ കെ സംസ്ഥന സെക്രട്ടറി ഗിരിജ കുമാരി, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ‘ഓരോ കുട്ടിയും വിജയിയാണ്’ എന്ന ആശയത്തോടെ നടത്തുന്ന ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും പ്രത്യേക ഉപഹാരങ്ങളും നല്‍കും.
Home Bureaus Kunnamkulam ‘സ്പോര്‍ട്ടിസ് എബിലിറ്റി ഫുട്‌ബോള്‍ മേള 2026’ന് കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍...


