29.4 C
Kunnamkulam
Friday, November 6, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് കൃഷിഭവനില്‍ ഓട്ടോമാറ്റിക് റെയിന്‍ ഗേജ് സ്ഥാപിച്ചു

ആര്‍ത്താറ്റ് കൃഷിഭവനില്‍ ഓട്ടോമാറ്റിക് റെയിന്‍ ഗേജ് സ്ഥാപിച്ചു

8

ആര്‍ത്താറ്റ് കൃഷിഭവനില്‍ ഓട്ടോമാറ്റിക് റെയിന്‍ ഗേജ് സ്ഥാപിച്ചു; ഇനി തത്സമയ കാലാവസ്ഥാ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത കാര്‍ഷിക കാലാവസ്ഥാ നിരീക്ഷണ പദ്ധതിയായ ‘വിന്‍ഡ്‌സ്’ പ്രോജക്റ്റിന്റെ ഭാഗമായി ആര്‍ത്താറ്റ് കൃഷിഭവന്‍ പരിധിയില്‍ അത്യാധുനിക ഓട്ടോമാറ്റിക് റെയിന്‍ ഗേജ് വിജയകരമായി സ്ഥാപിച്ചു. നഗരസഭാ തലത്തില്‍ മഴയുടെ അളവ് തത്സമയം കൃത്യമായി നിരീക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് ഈ ഉപകരണം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സോളാര്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തില്‍ ജി.പി.ആര്‍.എസ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ മഴയുടെ അളവ് തത്സമയം കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തിക്കാന്‍ ഇതിന് സാധിക്കും.പ്രധാനമന്ത്രി ഫസല്‍ ബീമ യോജന ഉള്‍പ്പെടെയുള്ള കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതികളില്‍, പ്രകൃതിദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന വിളനാശത്തിന് കൃത്യമായ നഷ്ടപരിഹാരം ലഭിക്കാന്‍ പ്രദേശത്തെ മഴക്കണക്കുകള്‍ അത്യന്താപേക്ഷിതമാണ്. മുന്‍കാലങ്ങളില്‍ അകലെയുള്ള കാലാവസ്ഥാ കേന്ദ്രങ്ങളിലെ വിവരങ്ങളെ ആശ്രയിച്ചിരുന്നതിനാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വൈകുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ത്താറ്റില്‍ തന്നെ ലഭിക്കുന്ന തനത് മഴക്കണക്കുകള്‍ ഉപയോഗിച്ച് ഇനി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും. പെട്ടെന്നുണ്ടാകുന്ന അതിതീവ്ര മഴ, പ്രളയ സാധ്യതകള്‍ എന്നിവ തത്സമയം നിരീക്ഷിച്ച് പ്രാദേശികമായി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ഈ സംവിധാനം വഴി സാധിക്കും. നഗരസഭയിലെ ആര്‍ത്താറ്റ് കൃഷിഭവനില്‍ സ്ഥാപിച്ചിട്ടുള്ള റെയിന്‍ ഗേജ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പാ ജോണ്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷജീഷ് കിലപ്പന്‍ കൃഷി ഓഫീസര്‍ സ്വേഗ, എന്നിവരും ചെയര്‍പേഴ്‌സണോടൊപ്പം ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!