കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തില്‍ കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി ഇല്ലം നിറയും തൃപ്പുത്തരിയും നടന്നു.
ചെമ്മന്തിട്ട പാടശേഖരത്തില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ ഇരുന്നൂറ്റിയമ്പതോളം കതിര്‍ക്കറ്റകളാണ് ചടങ്ങിനായി ഉപയോഗിച്ചത്. രാവിലെ 5.30 ന് കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിനകത്ത് നമസ്‌കാര മണ്ഡപത്തില്‍ എത്തിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി മുല്ലനേഴി ദിലീപന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജിച്ചതിനുശേഷം രാവിലെ 8.30 മുതല്‍ കതിര്‍ക്കറ്റകള്‍ ഭക്തജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. രാവിലെ 5.30 ന് ക്ഷേത്രം തന്ത്രി വടക്കേടത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ 1,008 നാളികേരം കൊണ്ടുള്ള പ്രത്യക്ഷ മഹാഗണപതിഹോമവും നടന്നു. ഇതിനുശേഷം ഗജപൂജയും ആനയൂട്ട് ചടങ്ങുകളും ഉണ്ടായി.വിശേഷാല്‍ നിവേദ്യമായ അഞ്ഞൂറ് ലിറ്റര്‍ തൃപ്പുത്തരി പായസമാണ് ക്ഷേത്രത്തില്‍ നിവേദിച്ചത്. ചടങ്ങുകളുടെ ഭാഗമായി എല്ലാ ഭക്തജനങ്ങള്‍ക്കും പ്രഭാത ഭക്ഷണവും, തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.



