26.5 C
Kunnamkulam
Friday, August 28, 2026
Home Bureaus Punnayurkulam പാപ്പാളിയില്‍ ദേശീയപാത 66ന് കുറുകെ നടപ്പാലം; മാസ് പെറ്റീഷന്‍ ഒപ്പുശേഖരണം

പാപ്പാളിയില്‍ ദേശീയപാത 66ന് കുറുകെ നടപ്പാലം; മാസ് പെറ്റീഷന്‍ ഒപ്പുശേഖരണം

19

അണ്ടത്തോടിനും ബദര്‍ പള്ളിക്കും മധ്യേ പാപ്പാളിയില്‍ നടപ്പാലം ദേശീയപാത 66 ന് കുറുകെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസ്വരം സാംസ്‌കാരിക സമിതി മന്ദലാംകുന്ന് മാസ് പെറ്റീഷന്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചു. പ്രദേശവാസികളുടെ ഒപ്പുകള്‍ അടങ്ങിയ പെറ്റീഷന്‍ ജില്ലാ കളക്ടര്‍, എം.പി, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവര്‍ക്ക് അയക്കും.നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കടിക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും പ്രധാന പൊതു സ്ഥാപനങ്ങളിലേക്കുള്ള യാത്രാസൗകര്യത്തിനുമായി പാപ്പാളിയില്‍ തന്നെ നടപ്പാലം വേണമെന്നാണ് ആവശ്യം. നിലവില്‍ റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് മൂലം കടിക്കാട് സ്‌കൂളില്‍ നിന്നും കുട്ടികള്‍ മറ്റ് സ്‌കൂളുകളിലേക്ക് മാറിപ്പോകുന്ന അവസ്ഥയുണ്ട്. ഇത് തുടര്‍ന്നാല്‍ സ്‌കൂളിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ 17, 18, 19 വാര്‍ഡുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, വില്ലേജ് ഓഫീസ്, കെ.എസ്.ഇ.ബി ഓഫീസ്, മൃഗാശുപത്രി, ആയുര്‍വേദ ആശുപത്രി, സബ് രജിസ്‌ട്രേഷന്‍ ഓഫീസ്, പോലീസ് സ്റ്റേഷന്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്നത് ഹൈവേയുടെ മറുഭാഗത്താണ്. ഇവയെല്ലാം ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് പാപ്പാളി – പനന്തറ റോഡ്.നേരത്തെ എം.എല്‍.എയ്ക്കും പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി, വാര്‍ഡ് മെമ്പര്‍മാരായ സൈനബ ശുക്കൂര്‍, ബുഷറ സുബൈര്‍, എം.വി. ഷിനോദ് എന്നിവര്‍ക്കും നിവേദനം നല്‍കിയിരുന്നു. പ്രദേശവാസികളുടെ ന്യായമായ ഈ ആവശ്യം അംഗീകരിച്ച് ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി.സമിതി സീനിയര്‍ പ്രവര്‍ത്തകരായ സക്കരിയ പൂക്കാട്ട്, എം.എം. മുബശ്ശിര്‍, ടി.എം. അബ്ദുല്‍ മജീദ്, എം.എം. ഷറഫുദ്ദീന്‍, ടി.എം. ബാദുഷ, എം.എം. റൗഫ്, ടി.എം. നവാസ്, ടി.എം. ഷൗക്കത്ത്, അസ്ലം, കൈഫ്, സിനാന്‍. ആദില്‍ എന്നിവര്‍ ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!