പ്രതീക്ഷയോടൊപ്പം ആശങ്കയും പങ്കുവെച്ച് പുന്നയൂര്‍ക്കുളം കുട്ടാട പാടശേഖരങ്ങളില്‍ മുണ്ടകന്‍ കൃഷിക്ക് ഒരുക്കം തുടങ്ങി. മഴയുടെ കുറവും എല്‍നിനോ പ്രതിഭാസം മൂലമുണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനവുമാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ഈ മാസം മൂന്നാം വാരത്തോടെ മണ്‍സൂണ്‍ പിന്‍വാങ്ങുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പിനിടെ തുലാവര്‍ഷത്തിലാണ് കര്‍ഷകരുടെ പ്രതീക്ഷ.കഴിഞ്ഞ രണ്ട് വര്‍ഷവും മഴക്കെടുതി കൃഷിയെ സാരമായി ബാധിച്ചിരുന്നു. പാടം മുങ്ങി കൃഷി നശിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ വരെ ഞാറ് തയ്യാറാക്കേണ്ടിവന്ന കര്‍ഷകരുണ്ട്. ഞാറ് മുളപ്പിക്കാന്‍ ആവശ്യമായ സമയം ലഭിക്കാത്തതിനാല്‍ പണം നല്‍കി ഞാറ് വാങ്ങിയാണ് പലരും അവസാനഘട്ടത്തില്‍ നടീല്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ കൂലിച്ചെലവ് ഉള്‍പ്പെടെയുള്ള കൃഷിച്ചെലവുകള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചു. എന്നാല്‍ വിളവ് മോശമായതോടെ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവന്നത്.രണ്ട് വര്‍ഷമായി കൃഷിനാശം നേരിട്ട പല കര്‍ഷകര്‍ക്കും ഇതുവരെ ഇന്‍ഷുറന്‍സ് തുക ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഇതും കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.നിലവില്‍ മിക്ക പാടശേഖരങ്ങളിലും ആദ്യഘട്ട നിലം ഒരുക്കല്‍ പൂര്‍ത്തിയായി. കുമ്മായം ഇട്ട് രണ്ടാംഘട്ട നിലം ഉഴുതശേഷം ഞാറ് നടുന്നതിനാണ് തീരുമാനം. നെല്‍വിത്ത് കൃഷിഭവന്‍ വഴി സൗജന്യമായി ലഭിക്കുന്നുണ്ട്. കുമ്മായത്തിന് 75 ശതമാനം സബ്സിഡി അനുവദിക്കുന്നുണ്ടെങ്കിലും കിലോയ്ക്ക് 12 രൂപ വിലയുണ്ടായിരുന്ന കാലത്തെ നിരക്കിലാണ് ഇപ്പോഴും സബ്സിഡി കണക്കാക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. നിലവില്‍ കുമ്മായത്തിന്റെ വില കിലോയ്ക്ക് 19 രൂപയായിട്ടുണ്ട്.വിത്ത്, വളം, കൂലി തുടങ്ങി എല്ലാ മേഖലയിലും കൃഷിച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ നെല്ലിന്റെ സംഭരണവില ഉയര്‍ത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.സമുദ്രോപരിതല താപനിലയിലെ അസാധാരണ വര്‍ധനവുമായി ബന്ധപ്പെട്ട എല്‍നിനോ പ്രതിഭാസം മണ്‍സൂണ്‍ മഴയെ ദുര്‍ബലമാക്കുമെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പും കര്‍ഷകരുടെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഴയില്‍ 26 ശതമാനം കുറവുണ്ടായ സാഹചര്യത്തില്‍, വരാനിരിക്കുന്ന കൃഷിക്കാലം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കുട്ടാട പാടശേഖരങ്ങളിലെ കര്‍ഷകര്‍.



