31.5 C
Kunnamkulam
Thursday, September 24, 2026
Home Bureaus Erumapetty അരനൂറ്റാണ്ടിന് ശേഷം തയ്യൂരിൽ കൊയ്ത്തുത്സവത്തിന്റെ ശേഷിപ്പായ പോത്തോട്ടം നടത്തി

അരനൂറ്റാണ്ടിന് ശേഷം തയ്യൂരിൽ കൊയ്ത്തുത്സവത്തിന്റെ ശേഷിപ്പായ പോത്തോട്ടം നടത്തി

27

മണ്ണില്‍ പൊന്നുവിളയിപ്പിക്കുന്ന കര്‍ഷകനെയും കാര്‍ഷിക തൊഴിലാളികളെയും കന്നുകാലികളെയും ആദരിക്കുന്നതിനായി പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും പുതുതലമുറയ്ക്ക് അന്യമല്ലെന്ന് ഓര്‍മ്മിപ്പിച്ച് തയ്യൂരില്‍ പോത്തോട്ട ചടങ്ങ് നടത്തി. കൊയ്ത്തും കെട്ടും മെതിയും പൊലിയും ഉള്‍പ്പെടുന്ന കൊയ്ത്തുത്സവത്തിന്റെ ശേഷിപ്പായി കണക്കാക്കപ്പെടുന്ന പോത്തോട്ടം, തയ്യൂര്‍ കോടാംപറമ്പ് പോത്തോട്ടപ്പറമ്പില്‍ അരനൂറ്റാണ്ടിന് ശേഷമാണ് വീണ്ടും അരങ്ങേറിയത്. വര്‍ഷങ്ങളായി നിലച്ചുപോയിരുന്ന പോത്തിനെ ഓടിക്കല്‍ ചടങ്ങാണ് നാട്ടുകാരുടെയും യുവതലമുറയുടെയും നേതൃത്വത്തില്‍ പുനരാവിഷ്‌കരിച്ചത്.പൂജകള്‍കൊണ്ട് മാത്രം തൃപ്തിയാകാത്ത വിശ്വാസികളുടെ സങ്കല്‍പ്പത്തില്‍ മല്ലനും ദണ്ഡനും അന്ത്യമഹാകാളനും നാട്ടില്‍ അശാന്തി പടര്‍ത്തിയതിന്റെ പ്രായശ്ചിത്തമായാണ് പോത്തോട്ട ചടങ്ങ് നടത്തുന്നതെന്നാണ് വിശ്വാസം. പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് ഇവ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.പോത്തിനെ ഓടിക്കുന്ന ചടങ്ങിന് അകമ്പടിയായി പ്രാചീന കലാരൂപമായ മരംകൊട്ടിപ്പാട്ടും അരങ്ങേറി. പരമ്പരാഗത വാദ്യത്തിന്റെയും പാട്ടിന്റെയും അകമ്പടിയില്‍ നടന്ന പോത്തോട്ടം കാണാന്‍ നിരവധി വിശ്വാസികളും നാട്ടുകാരും എത്തി.പൂര്‍വികര്‍ കൈമാറിയ കാര്‍ഷിക സംസ്‌കാരത്തിന്റെയും നാട്ടാചാരങ്ങളുടെയും ഓര്‍മ്മ പുതുക്കിയ ചടങ്ങ് വിശ്വാസികള്‍ക്കും നാട്ടുകാര്‍ക്കും വേറിട്ട അനുഭവമായി.

ADVERTISEMENT
error: Content is protected !!