അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംയുക്ത യോഗം ചേര്‍ന്നു. പഞ്ചായത്ത് ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ്, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് യോഗം ചേര്‍ന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നതിനും അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. താമസസ്ഥലങ്ങളില്‍ ആവശ്യമായ വായുസഞ്ചാരം, വൈദ്യുതി സുരക്ഷ, അടിയന്തരമായി പുറത്തിറങ്ങാനുള്ള സൗകര്യം, അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.തൊഴിലാളികള്‍ താമസിക്കുന്ന മുറികളില്‍ അമിതമായ ആളുകളെ താമസിപ്പിക്കുന്നത് ഒഴിവാക്കുക, പാചകത്തിനും വൈദ്യുത ഉപകരണങ്ങള്‍ക്കും സുരക്ഷിതമായ സംവിധാനങ്ങള്‍ ഒരുക്കുക, ഗ്യാസ് സിലിണ്ടറുകളും വൈദ്യുതി വയറുകളും സുരക്ഷിതമായി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളില്‍ കെട്ടിട ഉടമകള്‍ക്ക് ബോധവല്‍ക്കരണം നല്‍കും.ശുചിത്വം ഉറപ്പാക്കുന്നതിനും മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നതിനും കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്താനും തീരുമാനിച്ചു.



