29.9 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Kunnamkulam ‘മൊബൈല്‍ എഫ്.എസ്.ടി.പി’ കട്ടപ്പുറത്ത് ; റീത്ത് വെച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

‘മൊബൈല്‍ എഫ്.എസ്.ടി.പി’ കട്ടപ്പുറത്ത് ; റീത്ത് വെച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

22

45 ലക്ഷത്തിന്റെ മാലിന്യ സംസ്‌കരണ വാഹനം കട്ടപ്പുറത്ത് ; കുന്നംകുളം നഗരസഭയില്‍ റീത്ത് വെച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.നഗരസഭയില്‍ വീടുകളില്‍ നിന്ന് ശുചിമുറി മാലിന്യം ശേഖരിക്കാനായി ഒരു വര്‍ഷം മുമ്പ് 45 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ‘മൊബൈല്‍ എഫ്.എസ്.ടി.പി’ വാഹനം കട്ടപ്പുറത്തായ സംഭവത്തില്‍ വന്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം. വാഹനം ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വാഹനത്തിന് മുകളില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധ സമരം നടത്തി. തിരുവനന്തപുരത്തുള്ള ‘ഭൗമ എന്‍വിറോടെക്ക് ലിമിറ്റഡ്’ എന്ന കമ്പനിക്കാണ് വാഹനത്തിന്റെ പ്രവര്‍ത്തന ചുമതല നല്‍കിയിരുന്നത്. ഡ്രൈവര്‍, ഓപ്പറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവരുള്‍പ്പെടെയുള്ള സേവനം ലഭ്യമാക്കുമെന്നും, കമ്പനിയുടെ സ്വന്തം ചെലവില്‍ നഗരസഭയില്‍ കോള്‍ സെന്റര്‍ ആരംഭിക്കുമെന്നും വീടുകളിലും സ്ഥാപനങ്ങളിലും ബോധവല്‍ക്കരണം നടത്തുമെന്നുമായിരുന്നു കരാര്‍ വ്യവസ്ഥകള്‍. ഇതിനായി പ്രതിമാസം 1,75,000 രൂപയും 18% ജി.എസ്.ടിയും അടക്കം തുക നഗരസഭ കമ്പനിക്ക് നല്‍കണമായിരുന്നു.
എന്നാല്‍ പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളില്‍ ഇത് വിജയകരമാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ കുന്നംകുളത്ത് നടപ്പിലാക്കാവൂ എന്ന് ഒരു വര്‍ഷം മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതായി കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ വാഹനം ബാറ്ററി പോയി കമ്പനി ഉപേക്ഷിച്ചു പോയ അവസ്ഥയിലാണ്. 45 ലക്ഷം രൂപയുടെ അഴിമതിയാണ് പദ്ധതിയിലൂടെ നടന്നിട്ടുള്ളതെന്നും ഭരണസമിതിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയാണ് ഇതിന് കാരണമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, മിനി മോണ്‍സി, രോഷിത്ത് ഓടാട്ട്, മിനി കെ.പി, ജിഷ ബേബി, അനീന ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!