പഴഞ്ഞിയില്‍ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി വണ്‍വേ ജംഗ്ഷനില്‍ ആയിരങ്ങളുടെ മിഴി തുറപ്പിക്കുന്ന വര്‍ണ്ണശബളമായ ലഹരി വിരുദ്ധ ചുവര്‍ ചിത്രവും എഴുത്തും പുതുതലമുറയ്ക്ക് വേറിട്ട അനുഭവമായി. ലഹരിയുടെ മായാവലയത്തില്‍പ്പെട്ട് ഉഴലുന്ന സ്ത്രീയുടെ ദയനീയമായ മുഖചിത്രം ഇന്ന് നമ്മുടെ സമൂഹത്തിലെ ലഹരി വ്യാപനത്തിന്റെ നേര്‍ കാഴ്ചയാണ്. ആയിരക്കണക്കിനാളുകള്‍ കാണുന്ന ഈ ചിത്രവും സന്ദേശവും ജനലക്ഷങ്ങളിലേക്ക് എത്തിക്കാന്‍ സമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിന്റെ തിരക്കിലാണ് യുവജനങ്ങള്‍. പോസ്റ്ററുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും മാത്രമല്ല അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഹിന്ദി, ബംഗാളി ഭാഷകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തൂഫാന്‍ രണ്ടാം ഘട്ടം സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് അനുഭാവം പ്രകടിപ്പിച്ച് പഴഞ്ഞി അപ്പൊസ്‌തൊലിക് ചര്‍ച്ച് ഓഫ് ഗോഡ് വലിയ യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് സഭാ ശുശ്രൂഷകന്‍ ഡെന്നി പുലിക്കോട്ടില്‍ വ്യക്തമാക്കി.
കൂടാതെ ഇതിന്റെ ഭാഗമായി ലഹരിക്കും ആത്മഹത്യക്കുമെതിരെ വലിയ ബോര്‍ഡുകള്‍ പഴഞ്ഞിയില്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത ചുവര്‍ ചിത്രകാരന്‍ സി.എല്‍ സണ്ണിയാണ് ഈ എണ്ണ ചായ ചിത്രം വരച്ചിരിക്കുന്നത്.ചുവര്‍ ചിത്രത്തിന്റെ ഔപചാരിക ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വ്വഹിച്ചു.പാസ്റ്റര്‍ ഡെന്നി പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രാജന്‍ പൂവ്വാറ, കെ. എം റസാക്ക്, മെമ്പര്‍ സന്ധ്യ ഷിബു, സി.സി ജോസ്, വില്യംസ് ഉതുപ്പൂരു എന്നിവര്‍ സംസാരിച്ചു.കെ.സി ബിജു സ്വാഗതവും പ്രെയ്സ് സാംകുട്ടി നന്ദിയും പറഞ്ഞു നാട്ടുകാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പങ്കെടുത്തു.



