എന്‍.എച്ച്.66 പാപ്പാളി ജംഗ്ഷനില്‍ കാല്‍നടപ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന് പാപ്പാളി യാത്രാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.ദേശീയപാത 66 വികസനം നടക്കുന്നതോടെ പാപ്പാളി ജംഗ്ഷനില്‍ റോഡ് മുറിച്ചുകടക്കാന്‍ നിലവില്‍ മറ്റ് സംവിധാനങ്ങളൊന്നുമില്ല. ഇത് മൂലം കടിക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 700-ലധികം വിദ്യാര്‍ത്ഥികളും, പ്രദേശവാസികളും, വയോധികരും, ജീവന്‍ പണയം വെച്ചാണ് അതിവേഗത്തില്‍ വാഹനങ്ങള്‍ പായുന്ന ആറുവരിപ്പാത മുറിച്ചുകടക്കുന്നത്. ഈ ഭാഗത്ത് അടുത്തിടെ മൂന്ന് വലിയ വാഹനാപകടങ്ങള്‍ നടന്നിരുന്നു. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന്‍, കെ.എസ്.ഇ.ബി ഓഫീസ്, പോലീസ് സ്റ്റേഷന്‍, ആശുപത്രികള്‍ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്ക് എത്താന്‍ 17, 18, 19 വാര്‍ഡുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് പാപ്പാളി പനന്തറ പാതയെയാണ്. റോഡ് മുറിച്ചുകടക്കാന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ അണ്ടത്തോട് വഴി രണ്ട് കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട ദുരിതാവസ്ഥയിലാണ്. കൂടാതെ പ്രദേശത്തെ മസ്ജിദുകളിലേക്കും , പെരുവഴിപ്പുറത്ത് ശ്രീ പാരമ്പര്യ ഭഗവതി ക്ഷേത്രത്തിലേക്കും പ്രവേശിക്കാനുള്ള പ്രധാന വഴിയും ഇതാണ്.നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷാപ്രശ്‌നം പൂര്‍ണ്ണമായും മനസ്സിലാക്കി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് മന്ത്രിയോട് നിവേദക സംഘം ആവശ്യപ്പെട്ടു. വിഷയം വിശദമായി പരിശോധിച്ച ശേഷം, പാലം നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും, കേന്ദ്ര/ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയാതായി പാപ്പാളി യാത്രാവകാശ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. സമിതി ചെയര്‍മാന്‍ സക്കരിയ പൂക്കാട്ട്, വൈസ് ചെയര്‍മാന്‍ എം സി ഗഫൂര്‍, എക്‌സിക്യൂട്ടീവ് അംഗം പി എം നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്.



