32.8 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kunnamkulam കായികമാമാങ്കത്തിന് ട്രാക്കുണര്‍ന്നു; 22-ാമത് തൃശ്ശൂര്‍ റവന്യൂ ജില്ലാ കായികമേളയ്ക്ക് കുന്നംകുളത്ത് തുടക്കം

കായികമാമാങ്കത്തിന് ട്രാക്കുണര്‍ന്നു; 22-ാമത് തൃശ്ശൂര്‍ റവന്യൂ ജില്ലാ കായികമേളയ്ക്ക് കുന്നംകുളത്ത് തുടക്കം

48

ട്രാക്കിലും ഫീല്‍ഡിലും പുതിയ താരോദയങ്ങളെ കാത്ത് കായികപ്രേമികള്‍. നാലു ദിനങ്ങളില്‍ കൗമാരപ്രതിഭകള്‍ മാറ്റുരക്കുന്ന
22-ാമത് തൃശ്ശൂര്‍ റവന്യൂ ജില്ലാ കായികമേളയ്ക്ക് കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ ആവേശകരമായ തുടക്കം.ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സിന്തറ്റിക് ട്രാക്കില്‍ രാവിലെ 7 മണിക്ക് നടന്ന പുരുഷ വിഭാഗം 1500 മീറ്റര്‍ ഫൈനല്‍ മത്സരത്തോടുകൂടിയാണ് ട്രാക്ക് ഉണര്‍ന്നത്. 09.30ഓടെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി ഷൈല പതാക ഉയര്‍ത്തി. ദേശീയ കായികതാരം കെ.ജെ.എബിന്‍ ദീപശിഖ തെളിയിച്ചു. തുടര്‍ന്ന് കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം വി പ്രശാന്ത്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജി രഘുനാഥ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ജയശങ്കര്‍, ബിന്ദു ഗിരീഷ്, സിനി പ്രസാദ്, കെ എ ജ്യോതിഷ്, കുന്നംകുളം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ മിഷാ സെബാസ്റ്റിയന്‍, ആര്‍ഷാ ജിജു, ടി സോമശേഖരന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആദ്യ ദിനത്തില്‍ ത്രോ, ജമ്പ് ഇനങ്ങളും റിലേ ഉള്‍പ്പെടെയുള്ള സ്പ്രിന്റ് ഇനങ്ങളുമാണ് നടക്കുന്നത്. ശനിയാഴ്ച വരെ 4 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി 3,668 കൗമാര കായികതാരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഒരു ദിവസം ഏകദേശം 1000 ഓളം താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങളും ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ക്ലൂസീവ് സ്‌പോര്‍ട്ട്‌സ് മത്സരവും ക്രമീകരിച്ചിട്ടുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭക്ഷണസൗകര്യവും ഒരുക്കിയിട്ടുണ്ട്. മേളയിലെ വേഗതാരങ്ങളെ കണ്ടെത്തുന്ന 100 മീറ്റര്‍ ഫൈനലുകള്‍ മൂന്നാം ദിനത്തിലും, വിവിധ വിഭാഗങ്ങളിലെ 4*400 മീറ്റര്‍ ഫൈനല്‍ മത്സരങ്ങള്‍ അവസാന ദിവസവും നടക്കും.

 

 

ADVERTISEMENT
error: Content is protected !!