ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം പിന്നിട്ടിട്ടും പുന്നയൂര്‍ക്കുളം പഞ്ചായത്തിന്റെ വഴിയോര വിശ്രമകേന്ദ്രമായ ‘ടേക്ക് എ ബ്രേക്ക്’ പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധം. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പെരിയമ്പലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നില്‍ 40 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മ്മിച്ചത്.അഗ്ലോമറേഷന്‍ ഫണ്ടും പഞ്ചായത്ത് വിഹിതവും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ശുചിമുറികള്‍, അടുക്കള, വിശ്രമമുറികള്‍, മുലയൂട്ടല്‍ മുറി, ശുദ്ധജല യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് എം.എല്‍.എ കെട്ടിടം ഉദ്ഘാടനം ചെയ്തത്. നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കാനും ധാരണയുണ്ടായിരുന്നു.എന്നാല്‍ പുതിയ ഭരണസമിതി ചുമതലയേറ്റ് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാപനം തുറന്നിട്ടില്ലെന്നാണ് ആക്ഷേപം. ശ്രദ്ധയും പരിപാലനവും ഇല്ലാതായതോടെ കെട്ടിടവും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയതായും ആരോപണമുണ്ട്. മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉള്‍പ്പെടെയുള്ളവ കെട്ടിടത്തിലും പരിസരത്തും കുന്നുകൂടിയ നിലയിലാണ്.അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് പുതിയ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ആരോപിച്ചു. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് പ്രയോജനപ്പെടേണ്ട പൊതുസംവിധാനം എത്രയും വേഗം തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യം.



