കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച മധുരഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിന്‍ ഗുരുവായൂരിലെത്തി. തമിഴ്നാടിന്റെ ഗ്രാമീണ ഭംഗിയും പശ്ചിമഘട്ടത്തിന്റെ പ്രകൃതിഭംഗിയും ആസ്വദിച്ച് യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന കോച്ചിന് യാത്രക്കാരില്‍ മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.ബോഗിയുടെ മുകളിലും വശങ്ങളിലും സ്ഥാപിച്ച വലിയ ഗ്ലാസ് ജനാലകളാണ് വിസ്റ്റാഡോം കോച്ചിന്റെ പ്രധാന ആകര്‍ഷണം. പച്ചപ്പുനിറഞ്ഞ കുന്നിന്ചെരിവുകളും മലനിരകളും തുരങ്കങ്ങളും നദീതീരങ്ങളും ഉള്‍പ്പെടെയുള്ള കാഴ്ചകള്‍ അടുത്തിരുന്ന് ആസ്വദിക്കാന്‍ ഇതിലൂടെ കഴിയും. തമിഴ്നാട്ടിലെ പച്ചക്കറിത്തോട്ടങ്ങളും കൃഷിയിടങ്ങളും പിന്നിട്ട് ശിവകാശി മേഖലയിലെ മലനിരകളിലൂടെയും കാടുകളിലൂടെയും സഞ്ചരിക്കുന്ന യാത്ര പ്രകൃതിസ്നേഹികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.44 എക്സിക്യൂട്ടീവ് ചെയര്‍ സീറ്റുകളുള്ള കോച്ചില്‍ ചാഞ്ഞിരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ഓരോ സീറ്റിലും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്. വൈഫൈ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ 11.35-ന് മധുരയില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ 2.30-ന് ഗുരുവായൂരിലെത്തി. രാവിലെ 5.50-ന് ഗുരുവായൂരില്‍നിന്ന് മധുരയിലേക്ക് മടങ്ങി. ഗുരുവായൂരില്‍നിന്നുള്ള ആദ്യ യാത്രക്കാരെ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ മധുരം നല്കി യാത്രയാക്കി. ഭാരവാഹികളായ പി.വി. മുഹമ്മദ് യാസീന്‍, അഡ്വ. രവി ചങ്കത്ത്, ഒ.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മധുരവിതരണം. ആഴ്ചയില്‍ മൂന്ന് ദിവസമാണ് വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ചുള്ള സര്‍വീസ്. ഒക്ടോബര്‍ 22 മുതല്‍ 2027 ജനുവരി 15 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചാല്‍ കോച്ച് സ്ഥിരമായി ട്രെയിനില്‍ ഉള്‍പ്പെടുത്തും. ഗുരുവായൂരില്‍ നിന്ന് മധുരയിലേക്ക് 1,875 രൂപയാണ് നിരക്ക്. റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഐ.ആര്.സി.ടി.സി. വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.



