27.7 C
Kunnamkulam
Friday, October 23, 2026
Home Bureaus Perumpilavu ഭക്തിസാന്ദ്രമായി കരിക്കാട് പട്ടിമുറി ശ്രീ ബാലനരസിംഹ മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി ആഘോഷം

ഭക്തിസാന്ദ്രമായി കരിക്കാട് പട്ടിമുറി ശ്രീ ബാലനരസിംഹ മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി ആഘോഷം

10

കരിക്കാട് പട്ടിമുറി ശ്രീ ബാലനരസിംഹ മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി ആഘോഷവും, നിറമാലയും വിളക്കെഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി. വൈകിട്ടു ക്ഷേത്രം ഉട്ടു പുരയില്‍ നടന്ന ചടങ്ങില്‍ ബാലനരസിംഹമുദ്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.ഈ വര്‍ഷത്തെ ബാലനരസിംഹമുദ്ര പുരസ്‌കാരങ്ങള്‍ പ്രമുഖ ഇലത്താളം കലാകാരന്മാരായകല്ലൂര്‍ ബാബു, മണ്ണംപറ്റ മനോജ് എന്നിവര്‍ക്കാണ് നല്‍കിയത്.ചെണ്ട കലാകാരനായ പിതാവ് കല്ലൂര്‍ ശങ്കരനില്‍നിന്നു ബാലപാഠങ്ങള്‍ അഭ്യസിച്ച കല്ലൂര്‍ ബാബു, കടവല്ലൂര്‍ താമിയാശാന്‍, പുതുശ്ശേരി ശിവരാമാശാന്‍ എന്നിവരുടെ കീഴിലാണു പഞ്ചവാദ്യ രീതിശാസ്ത്രം സ്വായത്തമാക്കിയത്. ജ്യേഷ്ഠന്‍ കല്ലൂര്‍ ബാലന്റെ സഹായിയായി വാദ്യരംഗത്തെത്തിയ അദ്ദേഹം പാഞ്ഞാള്‍ വേലുക്കുട്ടി, തിച്ചൂര്‍ മോഹനന്‍ എന്നിവരുടെ ശിക്ഷണത്തിലൂടെ കേരളത്തിലെ മുന്‍നിര ഇലത്താളം കലാകാരന്മാരിലൊരാളായി മാറുകയായിരുന്നു.ചെണ്ട കലാകാരനായ ചെരത്തൊടി ശങ്കരന്‍ നായരുടെ മകനായ മണ്ണംപറ്റ മനോജ് പതിനഞ്ചാം വയസ്സില്‍ പച്ചായില്‍ ഉത്സവത്തിലാണ് അരങ്ങേറ്റം കുറിച്ചത്. കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ സഹായിയായി പ്രവര്‍ത്തിച്ച കാലയളവിലാണ് അദ്ദേഹം കറതീര്‍ന്ന ഇലത്താളക്കാരനായി മാറിയത്. പഞ്ചവാദ്യത്തിലും മേളത്തിലും കേളിയിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന സൗമ്യസാന്നിധ്യമാണ് ഇദ്ദേഹം. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്റെ അദ്ധ്യക്ഷതയില്‍ നടന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങ് കേരള സാഹിത്യ അക്കാദമി സെക്ടറി എം.പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു.തിമില കലാകാരന്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി പ്രശസ്തിപത്രങ്ങള്‍ സമ്മാനിച്ചു
കക്കാട് രാജപ്പന്‍ മാരാര്‍ പൊന്നാടയണിയിച്ച് പുരസ്‌കാര ജേതാക്കളെ ആദരിച്ചു.കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റ എം.പി സുരേന്ദ്രനെ യോഗത്തില്‍ ക്ഷേത്രം ഊരാളന്‍ ഭട്ടിയില്‍ കുഴിയാംകുന്നത്ത് മനയിലെ രാമന്‍ നമ്പൂതിരി പൊന്നാടയണിയിച്ചാദരിച്ചു.വിളക്കെഴുന്നള്ളിപ്പിനോടനുബന്ധിച്ചു നടന്ന പഞ്ചവാദ്യത്തില്‍ തിമിലയില്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, കോങ്ങാട് രാധാകൃഷ്ണന്‍, കോങ്ങാട് മോഹനന്‍, കല്ലുവഴി ബാബു, കലാമണ്ഡലം വിനയന്‍, കലാമണ്ഡലം സുഭാഷ്, കലാമണ്ഡലം സുരേഷ്, കലാമണ്ഡലം കൃഷ്ണദാസ് എന്നിവരും മദ്ദളത്തില്‍ സദനം ഭരതരാജന്‍, ചെര്‍പ്പുളശ്ശേരി ഹരിഹരന്‍, കടവല്ലൂര്‍ സഞ്ജയന്‍ എന്നിവരും അണിനിരന്നു. കൊമ്പില്‍ കേരളശ്ശേരി കുട്ടന്‍, പള്ളിക്കര സന്തോഷ്, കേരളശ്ശേരി പ്രസാദ്, കേരളശ്ശേരി മോഹനന്‍ എന്നിവരും ഇലത്താളത്തില്‍ കാട്ടുകുളം ജയന്‍, സുബ്രന്‍, കല്ലൂര്‍ ബാബു എന്നിവരും ഇടയ്ക്കയില്‍ തിരുവാലത്തൂര്‍ ശിവന്‍, തുറവൂര്‍ രാകേഷ് കമ്മത്ത് എന്നിവരും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!