പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കൊട്ടിലിങ്ങല്‍ ഉന്നതി റോഡിന്റെ പ്രവേശന ഭാഗം തകര്‍ന്നുതരിപ്പണമായി കിടക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡിന്റെ തുടക്കത്തിലെ ഏകദേശം 60 മീറ്റര്‍ ഭാഗമാണ് ഏറെക്കാലമായി നവീകരണം കാത്ത് ശോചനീയാവസ്ഥയില്‍ തുടരുന്നത്.രണ്ട് ഘട്ടങ്ങളിലായി 14 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പ്രവേശന ഭാഗത്തെ 60 മീറ്ററോളം വരുന്ന ഭാഗത്ത് യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതോടെ റോഡിന്റെ ഈ ഭാഗം വലിയ കുഴികളും വെള്ളക്കെട്ടും നിറഞ്ഞ് വാഹനയാത്രയ്ക്കും കാല്‍നടയാത്രയ്ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.നിരവധി നാട്ടുകാരും സ്‌കൂള്‍ വിദ്യാര്‍ഥികളും ദിവസേന ആശ്രയിക്കുന്ന പ്രധാന പാതയാണിത്. പുന്നൂക്കാവ്കിട്ടപ്പടി വഴി ദേശീയപാതയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള ബദല്‍ റോഡ് കൂടിയാണിത്. ആല്‍ത്തറ സെന്ററില്‍ ഗതാഗത തടസ്സമുണ്ടാകുന്ന സമയങ്ങളില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനും ഈ റോഡ് ഉപയോഗിക്കാറുണ്ട്.കൊറോത്തയില്‍ പള്ളിക്ക് സമീപമുള്ള റോഡിന്റെ തകര്‍ന്ന ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇരുചക്ര വാഹന യാത്രികരും കാല്‍നടയാത്രക്കാരും അപകടത്തില്‍പ്പെടുന്ന സാഹചര്യമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സമീപത്തെ സ്‌കൂളുകളിലേക്കും മദ്രസയിലേക്കും പോകുന്ന നിരവധി കുട്ടികളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.14 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നവീകരിച്ചിട്ടും പ്രവേശന ഭാഗത്തെ ചെറിയൊരു ഭാഗം മാത്രം ഒഴിവാക്കിയതില്‍ അധികാരികളുടെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. പുതിയ വാര്‍ഡും പുതിയ ഭരണസമിതിയും നിലവില്‍ വന്നിട്ട് ഒരു വര്‍ഷത്തോട് അടുക്കുമ്പോഴും യാത്രാദുരിതത്തിന് പരിഹാരമാകാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.റോഡിന്റെ തകര്‍ന്ന ഭാഗം അടിയന്തരമായി നവീകരിച്ച് യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



