നവീകരണത്തിലെ അശാസ്ത്രീയതയും അധികൃതരുടെ അനാസ്ഥയും മൂലം കുന്നംകുളം – ഗുരുവായൂര്‍ റോഡില്‍ വീണ്ടും കൂറ്റന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. വണ്‍വേ റോഡില്‍ നിന്ന് ഗുരുവായൂര്‍ റോഡിലേക്ക് പ്രവേശിക്കുന്ന പ്രധാന ഭാഗത്താണ് യാത്രാതടസ്സം സൃഷ്ടിച്ച് വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും താറുമാറായ അവസ്ഥയിലാണ്.കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും വണ്‍വേ വഴി ഇറങ്ങിവരുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അതിസാഹസികമായാണ് ഇതുവഴി കടന്നുപോകുന്നത്. ബസ്സുകള്‍ നിര്‍ത്താതെ പതുക്കെ വെട്ടിച്ചു മാറ്റിയാണ് കുഴികള്‍ തരണം ചെയ്യുന്നത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം നീളുന്ന രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.രാത്രികാലങ്ങളില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഈ ഭാഗം മരണക്കെണിയായി മാറിയിരിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനോ നടന്നുപോകാനോ കഴിയാത്ത വിധം ദുരിതപൂര്‍ണ്ണമാണ് ഇവിടത്തെ അവസ്ഥ.മുന്‍പും ഇതേ സ്ഥലത്ത് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നുവെങ്കിലും താല്‍ക്കാലികമായി മെറ്റലും ടാറുമിട്ട് കുഴിയടയ്ക്കുക മാത്രമാണ് അധികൃതര്‍ ചെയ്തത്. റോഡ് ശാസ്ത്രീയമായി നവീകരിക്കാത്തതാണ് വീണ്ടും ഇത്ര വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ദിവസേന കടന്നുപോകുന്ന ആയിരക്കണക്കിന് ദൂരദേശ വാഹനങ്ങളും തീര്‍ത്ഥാടകരും സഞ്ചരിക്കുന്ന പ്രധാന പാതയിലാണ് ഈ ദുരവസ്ഥ. താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് മുതിരാതെ റോഡ് അടിയന്തരമായി ശാസ്ത്രീയമായ രീതിയില്‍ പുനരുദ്ധരിക്കണമെന്നാണ് നാട്ടുകാരുടെയും സ്ഥിരം യാത്രക്കാരുടെയും ശക്തമായ ആവശ്യം.



