28 C
Kunnamkulam
Friday, November 6, 2026
Home Bureaus Kechery കൃഷിയിറക്കിയ പാടശേഖരത്തില്‍ അറവ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധര്‍

കൃഷിയിറക്കിയ പാടശേഖരത്തില്‍ അറവ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധര്‍

33

കൃഷിയിറക്കിയ പാടശേഖരത്തില്‍ അറവ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധര്‍. നോക്കുകുത്തികളായി പഞ്ചായത്ത് ഭരണാധികാരികള്‍. ചൂണ്ടല്‍ പഞ്ചായത്തിലെ പെരുമണ്ണ് പാടശേഖരത്തില്‍ കൃഷിയിറക്കിയിടത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ അറവ് മാലിന്യം തള്ളിയത്. എഴുത്തു പുരയ്ക്കല്‍ അശോകന്‍ എന്ന കര്‍ഷകന്റെ കൃഷിയിടത്തിലാണ് മാലിന്യം തള്ളുന്നത് നിര്‍ബാധം തുടരുന്നത്. കൃഷിയിറക്കിയ ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് അറവ് മാലിന്യം തള്ളിയിട്ടുള്ളത്. മാലിന്യം തള്ളുന്നത് മൂലം വളര്‍ന്നു വരുന്ന നെല്‍ച്ചെടികള്‍, നശിച്ച് പോകുന്നത് കര്‍ഷകര്‍ക്ക് തീരാ ദുരിതമായി മാറിയിരിക്കുകയാണ്. കൃഷിയിടത്തിലേക്ക് വലിചെറിയുന്ന മാലിന്യങ്ങള്‍ ദിവസവും രാവിലെ എത്തി നീക്കം ചെയ്ത ശേഷം കൃഷി പാരിപാലനത്തിനിറങ്ങേണ്ട സാഹചര്യമാണുള്ളത്. ഒരോ ആഴ്ച്ചയിലും ഒരു ദിവസം വെച്ച് അറവ് മാലിന്യം പാടശേഖരത്തിലേക്ക് വലിച്ചെറിയുന്ന സാഹചര്യമാണുള്ളതെന്ന് അശോകന്‍ പറഞ്ഞു. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ചൂണ്ടല്‍ പഞ്ചായത്ത് അധികാരികള്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഈ സ്ഥിതി തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ കൃഷിയിറക്കുന്നതില്‍ നിന്നും മാറി നില്‍ക്കുമെന്നും അശോകന്‍ വ്യക്തമാക്കി. ഭരണസമിതിയിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തുടര്‍ക്കഥയായിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഒരു നടപടിയും പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല പെരുമണ്ണ് പാടശേഖരത്തില്‍ അറവ് മാലിന്യം തള്ളുന്നതാണ് കര്‍ഷകര്‍ക്ക് ദുരിതമായിട്ടുള്ളതെങ്കില്‍ ചൂണ്ടല്‍ പാടശേവരത്തില്‍ കക്കൂസ് മാലിന്യം തള്ളുന്നതാണ് കര്‍ഷകര്‍ക്ക് പ്രതിസന്ധിയായിട്ടുള്ളത്. അറവ് മാലിന്യമായാലും കക്കൂസ് മാലിന്യമായാലും പാടശേഖരങ്ങളില്‍ ഇറങ്ങുന്ന കര്‍ഷകര്‍ക്ക് ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങളാണ് ബോണസായി ലഭിക്കുന്നത്. പഞ്ചായത്തിന്റെ നിസംഗതയില്‍ കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ് കര്‍ഷകര്‍.

 

ADVERTISEMENT
error: Content is protected !!