പൊതുജനങ്ങളുടെ ജീവന് ഭീഷണിയായ ടോറസുകള്‍ നിയന്ത്രിക്കണം: ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി വെല്‍ഫെയര്‍ പാര്‍ട്ടി .
അനുവദനീയമായ അളവിലും ഭാരത്തിലും ക്വോറികളില്‍ നിന്ന് കരിങ്കല്ല് വഹിച്ചുപോകുന്ന ടോറസുകളില്‍ നിന്ന് കരിങ്കല്ലുകള്‍ റോഡിലേക്ക് തെറിച്ച് വീഴുന്ന സംഭവം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി അനുവദനീയമായ അളവിലും കൂടുതല്‍ കരിങ്കല്ല് കയറ്റി പോകുന്ന ടോറസ്സുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും വെല്‍ഫെയര്‍ പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ഷാജഹാന് എളനാട് പരാതി നല്കി.
ഈ ആവശ്യം ഉന്നയിച്ച് ഇതിനു മുന്‍പും പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്, പഴയന്നൂര്‍ – ചേലക്കര പോലീസ് സ്റ്റേഷനുകള്‍, വടക്കാഞ്ചേരി എം വി ഡി , കളക്ടറേറ്റ് തുടങ്ങി കേന്ദ്രങ്ങളില്‍ പരാതി നല്‍കിയെങ്കിലും ശാശ്വത പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് മന്ത്രിക്കും , ജില്ലാ കളക്ടര്‍ക്കും വീണ്ടും പരാതി നല്‍കിയത്.
മേപ്പാടം എളനാട് റോഡില്‍ ആലിന് ചുവട് പ്രദേശത്തും, പ്ലാഴി വാഴക്കോട് സംസ്ഥാനപാതയില്‍ തോന്നൂക്കര പ്രദേശത്തും,മങ്ങാട് ആര്യമ്പാടം റോഡില്‍ കോട്ടപ്പുറം ആറ്റത്ര റോഡ് വളവിലും റോഡിലേക്ക് കല്ലുകള്‍ തെറിച്ച് വീണ സംഭവം ഉണ്ടായെങ്കിലും യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.പൊതുജനങ്ങളുടെ ജീവന് ഭീഷണിയായ രീതിയില്‍ അമിത അളവിലും ഭാരത്തിലും പോകുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായ പി. എം.ഷാജഹാന് എളനാട് , കെ എസ് നവാസ്, എം.ഷെമീറ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



