ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ യുവജന ക്ലബ്ബുകളുടെ സംയുക്ത പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കേരളോത്സവത്തിന് സമാപനമായി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ യുവ ഒരുമനയൂര്‍ ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. യുവജന കലാവേദി ഒരുമനയൂര്‍ സെക്കന്റ് ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. കലാമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സെറാ കാതറിന്‍ ജോഷി കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിര്‍, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമാപന സമ്മേളനം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിര്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. കലാമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ പ്രതിഭയ്ക്കും കായിക മത്സരങ്ങളില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയവര്‍ക്കും പ്രത്യേക ട്രോഫികള്‍ നല്‍കി. കലാ-കായിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ക്ലബ്ബുകള്‍ക്കും ട്രോഫികള്‍ സമ്മാനിച്ചു. സെക്കന്‍ഡ് റണ്ണറപ്പിന് 2,001 രൂപയും ട്രോഫിയും, ഒന്നാം റണ്ണറപ്പിന് 4,001 രൂപയും ട്രോഫിയും, ഓവറോള്‍ ചാമ്പ്യന്‍ ക്ലബ്ബിന് 8,001 രൂപയും ട്രോഫിയും സമ്മാനിച്ചു.



