ചാലിശ്ശേരി ഗ്രാമത്തിലെ വലിയ പെരുന്നാളായ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ ശിലാസ്ഥാപന പെരുന്നാള്‍ സുഗമമായി നടത്തുന്നതിനായി ചാലിശ്ശേരി പോലീസിന്റെ നേതൃത്വത്തില്‍ സംയുക്ത ആഘോഷ കമ്മിറ്റി യോഗം ചേര്‍ന്നു. ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. ഉണ്ണി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
പെരുന്നാള്‍ ആഘോഷങ്ങള്‍ ക്രമീകരിക്കുന്നതിനായി വിവിധ കമ്മിറ്റി ഭാരവാഹികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ആന പരിപാലന ചട്ടങ്ങളും നിശ്ചയിച്ച സമയക്രമവും കര്‍ശനമായി പാലിക്കണമെന്ന് എസ്.എച്ച്.ഒ നിര്‍ദേശിച്ചു.. നവംബര്‍ 20, 21 വെള്ളി, ശനി തീയതികളിലാണ് വലിയ പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.
പ്രാദേശിക പെരുന്നാള്‍ കമ്മിറ്റികള്‍ക്ക് അതത് ദേശങ്ങളില്‍ ഉയര്‍ത്തുന്നതിനുള്ള ആശീര്‍വദിച്ച പെരുന്നാള്‍ കൊടികള്‍ വികാരി കൈമാറി. യോഗത്തില്‍ വികാരി ഫാ. അബ്രഹാം യാക്കോബ് പുവ്വത്ത് മണ്ണില്‍ അധ്യക്ഷത വഹിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. ഉണ്ണി, ട്രസ്റ്റി സി.യു. ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവിഡ്, കേരള ഫെസ്റ്റിവെല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് തമ്പി കൊള്ളന്നൂര്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് കുമാര്‍, സുമേഷ് കൃഷ്ണ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



