പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ. വെണ്ണൂര്‍ സ്വദേശി ഷിബിന്‍ (36)നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സുധീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും അനുഭവിക്കണം.2024 ജൂലൈ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന പ്രതി പത്താം ക്ലാസ് കഴിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തുടര്‍ന്ന് പല ദിവസങ്ങളിലും രാത്രിയില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും കുറ്റപത്രത്തില്‍ പറയുന്നു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പഴയന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ബഷീര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എ. സീനത്ത് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. എ.എസ്.ഐ. ഗീത പി.ആര്‍. പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.



