ഗുരുപവനപുരിയെ കഴിഞ്ഞ 15 ദിവസങ്ങളായി കര്‍ണാടക സംഗീതത്തിന്റെ ഭക്തിസാന്ദ്രമായ ഈണങ്ങളില്‍ ആറാടിച്ച ചെമ്പൈ സംഗീതോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം. സംഗീതവും ഭക്തിയും ഇഴചേര്‍ന്ന സംഗീതോത്സവത്തിന് ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് തിരശ്ശീല വീണത്.കര്‍ണാടക സംഗീതജ്ഞന് ടി.വി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ സംഗീതജ്ഞര്‍ ഒന്നിച്ചിരുന്ന് മംഗളകീര്ത്തനങ്ങള് ആലപിച്ചതോടെയാണ് സംഗീതോത്സവത്തിന് പരിസമാപ്തിയായത്. സബ് കമ്മിറ്റി അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ‘വാതാപി’ കീര്‍ത്തനത്തോടെയാണ് സമാപനാലാപനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ‘രക്ഷമാം ശരണാഗതം’, ‘സാരസാക്ഷ പരിപാലയാ’, ‘പാവന ഗുരു’ തുടങ്ങിയ കീര്‍ത്തനങ്ങള്‍ ആലപിച്ചു. ഒടുവില്‍ ഭക്തഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ‘കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ’ എന്ന പ്രശസ്ത കീര്‍ത്തനം കൂടി ആലപിച്ചതോടെ സംഗീതസാന്ദ്രമായ പതിനഞ്ചു ദിനങ്ങള്‍ക്ക് ഹൃദ്യമായ സമാപനമായി. സംഗീതോത്സവത്തിന്റെ തുടക്കം മുതല്‍ സമാപനം വരെ സിസിടിവി തത്സമയം സംപ്രേഷണം ചെയ്തിരുന്നു. മികച്ച രീതിയില്‍ സംപ്രേഷണം നിര്‍വഹിച്ചതിന് ദേവസ്വം, സിസിടിവിക്ക് ഉപഹാരം സമ്മാനിച്ചു. സിസിടിവിക്കുവേണ്ടി പ്രോഗ്രാം ഡയറക്ടര്‍ വി.കെ. പ്രമോദ് ഉപഹാരം ഏറ്റുവാങ്ങി.സംഗീതോത്സവത്തിന്റെ വിജയത്തില്‍ പങ്കാളികളായ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരേയും ദേവസ്വം ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. പതിനഞ്ചു ദിനങ്ങളിലായി ആയിരക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഭക്തിയുടെയും സംഗീതത്തിന്റെയും മധുരസ്മരണകള് നിറച്ചാണ് ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോത്സവത്തിന് തിരശ്ശീല വീണത്. തുടക്കക്കാര്‍ മുതല്‍ പ്രഗല്ഭര് വരെ 3000ത്തിലധികം പേരാണ് സംഗീത നടത്തിയത്.



