സമഗ്ര കോള്‍ വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. മണലൂരിലെ കോള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നതതല യോഗത്തില്‍ അവതരിപ്പിച്ചു.സെക്രട്ടേറിയറ്റിലെ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന തൃശ്ശൂര്‍പൊന്നാനി കോള്‍ മേഖലയിലെ ഉന്നതതല യോഗത്തില്‍ മണലൂര്‍ നിയോജകമണ്ഡലത്തിലെ കോള്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ അവതരിപ്പിച്ചു.മണലൂര്‍ മണ്ഡലത്തിലെ ഏകദേശം 9,000 ഏക്കര്‍ കോള്‍ നെല്‍കൃഷി മേഖലയെ സംരക്ഷിക്കുന്നതിനും നെല്‍കൃഷി ലാഭകരമാക്കുന്നതിനും കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ കോള്‍ വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.ഏനാമാക്കല്‍, ഏനാമാവ് റെഗുലേറ്ററുകളിലെ ഷട്ടര്‍ ചോര്‍ച്ചയും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും പരിഹരിക്കുക, ചിമ്മിനി ഡാമില്‍ നിന്നുള്ള ജലലഭ്യത ഉറപ്പാക്കുക, കനാലുകളും ചാലുകളും വൃത്തിയാക്കുക, ബണ്ടുകള്‍ ശക്തിപ്പെടുത്തുക, മോട്ടോറുകള്‍ക്കും ട്രാന്‍സ്ഫോര്‍മറുകള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക, ഫാം റോഡുകള്‍ നിര്‍മ്മിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.കൂടാതെ, അഞ്ച് പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍, ഗുണമേന്മയുള്ള നെല്‍വിത്തിന്റെയും കുമ്മായത്തിന്റെയും സമയബന്ധിതമായ വിതരണം, സോളാര്‍ അധിഷ്ഠിത മോട്ടോര്‍ പമ്പിംഗ് സംവിധാനം, കുളവാഴയും ചണ്ടിയും നീക്കം ചെയ്യുന്നതിനുള്ള ശാശ്വത പരിഹാരം, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയും എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തി.കോള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരങ്ങള്‍ക്കു പകരം ശാശ്വതമായ പരിഹാരങ്ങള്‍ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ആവശ്യമായ പദ്ധതികള്‍ക്ക് ഭരണാനുമതിയും സാമ്പത്തിക സഹായവും ലഭ്യമാക്കി സമയബന്ധിതമായി നടപ്പിലാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.



