നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ ആശുപത്രിപടിയില്‍ വയോധികനെ വീടിന് പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറമ്പില്‍ മലപ്പുറത്ത് വീട്ടില്‍ വിദ്യാ സാഗര്‍ 71 വയസ് ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തിലധികം പഴക്കമുള്ളതായി സംശയിക്കുന്നു.കുറേ നാളുകളായി വിദ്യാ സാഗര്‍ ഈ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഭാര്യയും മകളും അടങ്ങുന്ന കുടുംബം ദുബായിലാണ്. ഇന്നലെ രാത്രി ഏഴരയോടെ വിദേശത്തുനിന്ന് ഭാര്യ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ നാട്ടിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി വീട്ടിനകത്ത് തിരഞ്ഞെങ്കിലും വിദ്യാ സാഗറിനെ കണ്ടില്ല. ഉടന്‍ തന്നെ പുറത്തിറങ്ങി വീടിന്റെ പിന്‍ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് കിണറിന് സമീപം മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടിയ നിലയിലും പിന്‍വാതില്‍ തുറന്ന നിലയിലുമായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രദേശവാസികള്‍ ഇദ്ദേഹത്തെ അവസാനമായി പുറത്തുകണ്ടത്.വിവരമറിഞ്ഞ് ചാലിശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാ ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകള്‍ നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



