24.3 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam യുഡിഎഫ് കുതിപ്പിലും കുന്നംകുളം നിലനിര്‍ത്തി എല്‍ഡിഎഫ്; മൊയ്തീനെ തുണച്ചത് നഗരസഭയിലേയും കടവല്ലൂരിലേയും ലീഡ്

യുഡിഎഫ് കുതിപ്പിലും കുന്നംകുളം നിലനിര്‍ത്തി എല്‍ഡിഎഫ്; മൊയ്തീനെ തുണച്ചത് നഗരസഭയിലേയും കടവല്ലൂരിലേയും ലീഡ്

യുഡിഎഫ് തരംഗത്തിനിടയിലും കുന്നംകുളത്തെ ചെങ്കോട്ടയായി നിലനിര്‍ത്തിയത് നഗരസഭയിലും, കടവല്ലൂര്‍ പഞ്ചായത്തിലും ലഭിച്ച മികച്ച ലീഡുകളുടെ പിന്‍ബലം. അപ്രതീക്ഷിതമായി വേലൂരില്‍ നിന്ന് യുഡിഎഫിന് വലിയ ലീഡ് ലഭിച്ചെങ്കിലും തുടക്കം മുതല്‍ നിലനിര്‍ത്തിയ ഇടത് മുന്നേറ്റത്തെ തടയാന്‍ അത് പര്യാപ്തമായില്ല. തപാല്‍ വോട്ട് എണ്ണിയപ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്ഥമായി യുഡിഎഫിനായിരുന്നു ലീഡ്. 122 വോട്ടിന്റെ ലീഡാണ് പി.ടി.അജയ്‌മോഹന്‍ സ്വന്തമാക്കിയത്. 951 വോട്ട് യുഡിഎഫും, 829 വോട്ട് എല്‍ഡിഎഫും നേടി.

തുടര്‍ന്ന് ഇ.വി.എം. മെഷിനിലുള്ള വോട്ടിലക്ക് വന്നതോടെ കഥമാറി. ആദ്യ റൗണ്ടില്‍ തന്നെ 487 വോട്ടിന്റെ ലീഡ് എല്‍ഡിഎഫ് നേടി. 15 റൗണ്ട് വോട്ടെണ്ണലില്‍ 10, 12, 14, 15 റൗണ്ടുകളില്‍ എല്‍ഡിഎഫിനേക്കാള്‍ വോട്ട് യുഡിഎഫ് നേടിയെങ്കിലും ആകെ വോട്ടുകളിലെ എല്‍ഡിഎഫ് ലീഡ് മറിക്കടക്കാന്‍ അത് പര്യാപ്തമായില്ല. ആദ്യം എണ്ണിയ കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ 394 വോട്ടിന്റെ ലീഡാണ് എ.സി.മൊയ്തീന് ലഭിച്ചത്. പാര്‍ട്ടി കോട്ടയായ കടവല്ലൂരില്‍ 1635, പോര്‍ക്കുളത്ത് 259, കുന്നംകുളത്ത് 2976, ചൊവ്വന്നൂരില്‍ 308, കടങ്ങോട് 293 വോട്ടുകളുടെയും ലീഡ് എ.സി.മൊയ്തീന് ലഭിച്ചു. എരുമപ്പെട്ടിയിലും, വേലൂരിലും ലീഡ് അജയ്‌മോഹന് ലഭിച്ചു. ഇതില്‍ വേലൂര്‍ പഞ്ചായത്തില്‍ 1027 വോട്ടിന്റെ വലിയ മുന്‍തൂക്കം യുഡിഎഫിന് ലഭിച്ചെങ്കിലും മറ്റിടങ്ങളില്‍ ലീഡ് ലഭിക്കാതെ പോയത് തിരിച്ചടിയായി.

നഗരസഭയിലും, കടവല്ലൂരിലും നേടിയ ലീഡാണ് ഇടത് വിജയത്തില്‍ നിര്‍ണ്ണായകമായത്. പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി ഭൂരിപക്ഷം നന്നേ കുറയ്ക്കാനായത് യുഡിഎഫിന് ആശ്വാസമായി. എന്‍ഡിഎയില്‍ മത്സരിച്ച ബിഡിജെഎസ്് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാതെ പോയതോടെ ബിജെപി വോട്ടുകളും ഭിന്നിക്കപ്പെട്ടു. അന്തിമകണക്കില്‍ പക്ഷേ മണലൂരിലും, ഗുരുവായൂരിലും, പുതുക്കാടും ഒക്കെ സംഭവിച്ച പോലെ അവസാന നിമിഷങ്ങളിലെ സസ്‌പെന്‍സിലേക്കും, വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലേക്കും പോയില്ല എന്നതില്‍ എല്‍ഡിഎഫ് ക്യാമ്പിന് ആശ്വസിക്കാം. സംസ്ഥാന വ്യാപകമായ ഭരണവിരുദ്ധ വികാരത്തെയും, യുഡിഎഫ് അനുകൂല തരംഗത്തെയും അതിജീവിച്ച് നേടിയ വിജയം ചെറുതല്ലാത്ത ആഹ്ലാദമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് നല്‍കുന്നത്.

ADVERTISEMENT
error: Content is protected !!