സീബ്രാ ലൈനിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അമിത വേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു. വേലൂര്‍ ഗവണ്‍മെന്റ് ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ ഇന്ന് വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. സ്‌കൂള്‍ വിട്ട സമയത്ത് സ്‌കൂളിന് മുന്നിലെ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനെ അവനികയെയാണ് കാറിടിച്ചത്.നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് കുട്ടിയെ അതേ കാറില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. തലക്കോട്ടുകര സ്വദേശി സുരേഷിന്റെ മകളാണ് അവനിക. സുരേഷ് വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. മേഖലയില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണമെന്ന് സ്‌കൂള്‍ അധികൃതരും, നാട്ടുകാരും ആവശ്യപ്പെട്ടു.



