വാക കോക്കൂര്‍ റെയില്‍വേ ഗേറ്റിന് സമീപം മാരുതി ഓമ്‌നി വാന്‍ കത്തി നശിച്ചു. എള വള്ളി പഞ്ചായത്തിലെ വാക – കോക്കൂര്‍ റോഡിലെ റെയില്‍വേ ഗേറ്റില്‍ വെള്ളിയാഴച്ച രാവിലെ 8.45 ഓടെയാണ് വാഹനം കത്തി നശിച്ചത്. ട്രെയിന്‍ കടന്നുപോകുന്നതിനായി ഗേറ്റ് അടച്ചിട്ട സമയത്താണ് സംഭവം നടന്നത്. മറ്റം സ്വദേശി സതീഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം പൂര്‍ണ്ണമായും കത്തിയ നിലയിലാണ് നിറുത്തിയിട്ട ഓമ്‌നി വാനില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ആള്‍ പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ തീ ആളി പടരുകയായിരുന്നു ഈ സമയം സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സമീപത്തുണ്ടായിരുന്നു. മറ്റു വാഹനങ്ങള്‍ സമയോചിതമായി മാറ്റിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം വിവരമറിയിച്ചതനുസരിച്ച് ഗുരുവായൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. വാഹനം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ് വാഹനത്തില്‍ തീ പടരാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.



