25.6 C
Kunnamkulam
Thursday, October 22, 2026
Home Bureaus Perumpilavu തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ടൂറിസ്റ്റ് ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം; എട്ടോളം പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ടൂറിസ്റ്റ് ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം; എട്ടോളം പേര്‍ക്ക് പരിക്ക്

77

തൃശ്ശൂര്‍കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ചങ്ങരംകുളം മാര്‍സ് തീയറ്ററിന് സമീപം ടൂറിസ്റ്റ് ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം. എട്ടോളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 5.10 ഓടെയാണ് അപകടം. മൂന്നാറില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം മക്കരപ്പറമ്പില്‍ നിന്നുള്ള പാപ്പിലിയോ ടൂറിസ്റ്റ് ബസ്സിന് പിന്നില്‍ ഇതേ ദിശയില്‍ വന്ന ലെജന്‍ഡര്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. പരപ്പനങ്ങാടിയില്‍ നിന്നുള്ള വിനോദയാത്രാ സംഘമാണ് ലെജന്‍ഡര്‍ ബസ്സിലുണ്ടായിരുന്നത്.പാപ്പിലിയോ ബസ്സില്‍ യാത്ര ചെയ്തിരുന്ന 34 പേരില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റു. ലെജന്‍ഡര്‍ ബസ്സിന്റെ മുന്‍വശത്തുണ്ടായിരുന്ന ഏതാനും യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ഓര്‍ക്കിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ആരുടെയും പരിക്ക് ഗുരുതരമല്ല.
യാത്രക്കാരുടെ സൗകര്യാര്‍ഥം പകരം രണ്ട് ബസ്സുകള്‍ എത്തിച്ച് യാത്ര തുടര്‍ന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സംഘങ്ങളാണ് ഇരുബസ്സുകളിലുമായി യാത്ര ചെയ്തിരുന്നത്. കൂട്ടിയിടിയില്‍ ലെജന്‍ഡര്‍ ബസ്സിന്റെ മുന്‍വശവും പാപ്പിലിയോ ബസ്സിന്റെ പിന്‍ഭാഗവും തകര്‍ന്നു.അതേസമയം ചങ്ങരംകുളം മാര്‍സ് തീയറ്ററിന് സമീപത്തെ ഹമ്പ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാന്‍ വൈകുന്നതും പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവരുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇവിടെ പതിവാണ്. വളയംകുളത്തും സമാനമായരീതിയില്‍ ഹമ്പില്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നത് പതിവാണ്. ഹമ്പുകള്‍ക്ക് മുന്നറിയിപ്പ് ബോര്‍ഡുകളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

 

ADVERTISEMENT
error: Content is protected !!