ഹാന്‍സ് ചോദിച്ചത്് നല്‍കാത്തതിന് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.കഴിഞ്ഞ ദിവസം വൈകീട്ട് കുന്നംകുളം താലൂക്കാശുപത്രിയില്‍ വെച്ചാണ് സംഭവം നടന്നത്. ഹാന്‍സ് ചോദിച്ചത് നല്‍കാത്തതിനുള്ള വൈരാഗ്യത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ 48 വയസ്സുള്ള ധനേശ്വര്‍ ബ്രഹ്മാണ് കുത്തേറ്റത്. സംഭവത്തില്‍ കുന്നംകുളം കക്കാട് ശങ്കരപുരം സ്വദേശി ബാലചന്ദ്രനാണ് പിടിയിലായത്. മറ്റൊരു രോഗിയുമായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിയ പ്രതി ആശുപത്രിക്കുള്ളില്‍ വച്ച് ബഹളം വച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഇദ്ദേഹത്തെ പുറത്താക്കുകയും സംഭവം പോലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പ്രതിയെ ആശുപത്രിയുടെ ഫാര്‍മസിക്ക് സമീപം കസേരയില്‍ ഇരുത്തി. ഈ സമയത്ത് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലത്ത് നിന്നിരുന്ന അതിഥി തൊഴിലാളിയോട് പ്രതി ഹാന്‍സ് ആവശ്യപ്പെടുകയും, അത് നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. പ്രകോപിതനായ പ്രതി കയ്യില്‍ കരുതിയ കത്തിയെടുത്ത് അതിഥി തൊഴിലാളിയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ അതിഥി തൊഴിലാളി ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് താലൂക്ക് ആശുപത്രി ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



