ബസ്സില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചു നല്‍കിയ ബസ് ജീവനക്കാരെ ആദരിച്ചു.

58

ബസ്സില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചു നല്‍കിയ ബസ് ജീവനക്കാരെ ആദരിച്ചു. പാലക്കാട് – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശങ്കര്‍ എന്ന ബസിലെ ചാലിശേരി സ്വദേശിയായ കണ്ടക്ടര്‍ ആബിദിനേയും, ഡ്രൈവര്‍ കുന്നംകുളം സ്വദേശി റിച്ചാര്‍ഡിനേയുമാണ് ചാലിശേരി സെന്ററില്‍ വെച്ച് ചാലിശേരി ഡ്രൈവേഴ്സിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. ചാലിശേരി പോലിസ് എസ്.എച്ച്.ഒ. സതീഷ്‌കുമാറും എസ്.ഐ. ഡേവിയും ചേര്‍ന്ന് ആബിദിനേയും, റിച്ചാര്‍ഡിനേയും പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ പ്രദീപ് ചെറുവശേരി, ചാലിശേരി ഡ്രൈവഴ്‌സ് അംഗങ്ങള്‍ ബസ് യാത്രക്കര്‍ എന്നിവര്‍ ജീവനക്കാരുടെ സത്യസന്ധതയെ അഭിനന്ദിച്ചു. മുന്‍പൊരിക്കല്‍ ബസില്‍ നിന്നും കളഞ്ഞു കിട്ടിയ ഒന്നര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ഉടമക്ക് തിരിച്ചു നല്‍കി ആഭിദും, റിച്ചാര്‍ഡും മാതൃകയായിട്ടുണ്ട്.