ആറങ്ങോട്ട്കരയില്‍ കാല്‍നട യാത്രക്കാര്‍ക്ക് നേരെ കാര്‍ പാഞ്ഞ് കയറി മേഴത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം.

90

ആറങ്ങോട്ട്കരയില്‍ കാല്‍നട യാത്രക്കാര്‍ക്ക് നേരെ കാര്‍ പാഞ്ഞ് കയറി മേഴത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മേഴത്തൂര്‍ കോടനാട് സ്വദേശിനി തുമ്പപ്പറമ്പില്‍ മണികണ്ഠന്റെ ഭാര്യ രാധയാണ് മരിച്ചത്. 52 വയസ് ആണ്. കൂടെയുണ്ടായിരുന്ന കോടനാട് കാക്കശ്ശേരി ശിവന്റെ ഭാര്യ വസന്തക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഫിനോയില്‍ പോലെയുള്ള ക്ലീനിങ്ങ് വസ്തുക്കള്‍ വീടുകളിലും കടകളിലും കയറി വില്‍പ്പന നടത്തി ഉപജീവനം നടത്തിവരികയാരുന്നു ഇരുവരും. ശനിയാഴ്ച ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ വിറ്റുതീര്‍ത്ത ശേഷം ആറങ്ങോട്ടുകര എസ്റ്റേറ്റ് പടിയില്‍ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ഇരുവരേയും പിറകില്‍ നിന്നും വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും പത്ത് മീറ്ററോളം ദൂരത്തിലേക്ക് തെറിച്ച് വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാധ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചതായാണ് സൂചന. ഗുരുതര പരിക്കേറ്റ വസന്ത തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചെറുതുരുത്തി ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. ഇരുവരെയും ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ശേഷമാണ് നിന്നത്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് സുചന*