കടങ്ങോട് ഗ്രാമ പഞ്ചായത്ത് കവുങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടങ്ങോട് ഗ്രാമ പഞ്ചായത്ത് കവുങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. മൂന്ന് വര്‍ഷം കൊണ്ട് വിളവ് ലഭിക്കുന്ന മോഹിത്ത് നഗര്‍ ഇനത്തില്‍പ്പെട്ട 5000 തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. 1.75 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം. കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ബിബിന്‍ പൗലോസ് പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് പി.വി രമേഷ് കവുങ്ങുകളുടെ പരിപാലനത്തെ കുറിച്ച് സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.എ മുഹമ്മദ് കുട്ടി, എം.വി ധനീഷ്, കൃഷി അസിസ്റ്റന്റ്മാരായ കെ മുരുകേശന്‍, എന്‍.ജെ ജോഷി എന്നിവര്‍ പങ്കെടുത്തു.