പരൂര് കോള്‍പടവ് കര്‍ഷകര്‍ക്ക് ആശ്വാസമായി കെഎല്‍ഡിസി ഉദ്യഗസ്ഥരുടെ ഉറപ്പ് ; ബണ്ടില്‍ അത്യാവശ്യമായ മണ്ണിട്ട് ഉയര്‍ത്തേണ്ട ഭാഗങ്ങളില്‍ രണ്ട് ആഴ്ചക്കകം മണ്ണ് അടിക്കുമെന്ന് കെഎല്‍ഡിസി ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി.ശെനിയാഴ്ച്ച ഉപ്പുങ്ങല്‍ പടവിലെത്തിയാണ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയത്. ഈ സീസണില്‍ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാരെ ഒഴിവാക്കുമെന്നും പുതിയ കരാര്‍ നല്‍കുമെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ബണ്ട് ഉയരമില്ലാത്തതിനാല്‍ നൂറടി തോട്ടില്‍ നിന്നു പാടശേഖരത്തിലേക്ക് വെള്ളം തിരിച്ച് ഒഴുകുന്ന അവസ്ഥയാണുള്ളത്. ചാക്കില്‍ മണ്ണ് നിറച്ച് ബണ്ടില്‍ നിരത്തിയാണ് കര്‍ഷകര്‍ ഇത് താല്‍ക്കാലിക പരിഹാരം കാണുന്നത്. 180 മീറ്ററോളം ദൂരം ബണ്ട് മണ്ണിട്ട് ഉയര്‍ത്തലാണ് അത്യാവശ്യമായി ചെയ്യേണ്ടത്. പണി തുടങ്ങിയെങ്കിലുംപിന്നീട് നിര്‍ത്തി. മാര്‍ച്ചിനു മുന്‍പ് പണി പൂര്‍ത്തിയാക്കാമെന്ന് എംഎല്‍എ വിളിച്ച യോഗത്തില്‍ കരാറുകാന് ഉറപ്പു നല്‍കിയിരുന്നെങ്കിലും നടന്നില്ല. കെഎല്‍ഡിസി ഉദ്യോഗസ്ഥര്‍ കരാറുകാരനു വേണ്ടിയാണ്
സംസാരിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. റോഡിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ബണ്ട് മണ്ണിട്ട് ഉയര്‍ത്താനുള്ളത്. തോട്ടില്‍ വെള്ളം ഉള്ളതിനാല്‍ ബണ്ടിനു ബലക്ഷയം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥ വാദം. ഇത് കരാറുകാരനെ സംരക്ഷിക്കാനാണ് മഴക്കാലത്ത് പോലും ഇവിടെ ബണ്ട് നിര്‍മാണം നടന്നിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഡെപ്യൂട്ടി പ്രോജക്ട് എന്‍ജിനീയര്‍ വി.ജസ്റ്റിന് തോമസ്, പി.ബാബു എന്നിവര്‍ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസന്, പടവ് ഭാരവാഹികളായ കുന്നംകാട്ടില്‍ അബൂബക്കര്‍,എ.ടി.ജബാര്‍, വിനോദ് എന്നിവരും ബണ്ട് നിര്‍മാണ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഇവരുടെ വാക്കില്‍ വിശ്വാസമില്ലെന്നും മൂന്ന് വര്‍ഷമായി ഇതുപോലെ പല ഉറപ്പുകളും കേള്‍ക്കുന്നതാണെന്നും കര്‍ഷക കമ്മിറ്റി പ്രതികരിച്ചു.



