31 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur അത്തം പിറന്നു ; ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പൂക്കളമൊരുങ്ങി

അത്തം പിറന്നു ; ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പൂക്കളമൊരുങ്ങി

17

അത്തം പിറന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ പൂക്കളം വിരിഞ്ഞു തുടങ്ങി. ഇനി ഓണം വരെ പത്ത് ദിവസവും ക്ഷേത്രനടയില്‍ വിവിധ വര്‍ണ്ണത്തിലും രൂപത്തിലുമുള്ള പൂക്കളങ്ങളൊരുങ്ങും.ഗുരുവായൂരിലെ പൂവ്യാപാരികളാണ് കാലങ്ങളായി അത്തംമുതല്‍ പത്ത് ദിവസം വഴിപാടായി പൂക്കളം തീര്‍ക്കാറ്. ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ക്ക് പുറമെ ഗുരുവായൂപ്പന്റെയും ക്ഷേത്രത്തിന്റെയും മാതൃക പൂക്കളങ്ങളത്തിലൊരുക്കാറുണ്ട്. രാത്രി ക്ഷേത്ര നട അടച്ചതിന് ശേഷം തുടങ്ങുന്ന പൂക്കളമിടല്‍ പുലര്‍ച്ചെ ക്ഷേത്ര നട തുറക്കുന്നതു വരെ നീളും. വലിയ പൂക്കളങ്ങള്‍ക്ക് ചുറ്റും നിലവിളക്കും ചെരാതുകളും കത്തിച്ചു വെക്കും. ദര്‍ശനതിനെത്തുന്നവര്‍ പൂക്കളത്തില്‍ കാണിക്ക സമര്‍പ്പിക്കും. ക്ഷേത്രനടയില്‍ വിവാഹിതരാകുന്നവരും ദര്‍ശനത്തിനെത്തുന്നവരും പൂക്കളത്തിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാന്‍ മത്സരമാണ്. ഗുരുവായൂരിലെ പൂവ്യാപാരിയായിരുന്ന തേക്കത്ത് ഉണ്ണികൃഷ്ണനാണ് അത്തം നാളില്‍ ക്ഷേത്രത്തിനു മുന്നില്‍ പൂക്കളമിട്ട് തുടങ്ങിയത്. ഇത് അനുകരിച്ച് മറ്റുള്ളവര്‍ ബാക്കി ദിവസങ്ങളിലും പൂക്കളം തീര്‍ത്തു തുടങ്ങി. ഉണ്ണികൃഷ്ണന്‍ എട്ട് വര്‍ഷം മുമ്പ് മരിച്ചെങ്കിലും മകന്‍ സന്ദീപ് അച്ഛന്റെ പാത പിന്തുടരുകയായിരുന്നു. സന്ദീപും കൂട്ടുകാരും ചേര്‍ന്നാണ് ഇപ്പോഴും പൂക്കളം ഒരുക്കുന്നത്.

ADVERTISEMENT
error: Content is protected !!