കുന്നംകുളം അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയിലെ മാര്‍ ഓസിയോ താപസിയുടെ ഓര്‍മ്മ പെരുന്നാള്‍ ശുശ്രൂഷകള്‍ ഭക്തിനിര്‍ഭരം. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് പെരുന്നാളാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ തലേന്നായ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് സന്ധ്യാനമസ്കാരവും തുടര്‍ന്ന് പള്ളിനട സെന്റ് ഗ്രിഗോറിയോസ് കുരിശുപള്ളിയിലേക്ക് കൊടിയും ശ്ലീബായും എഴുന്നള്ളിപ്പും തുടര്‍ന്ന് ശ്ലൈഹിക വാഴ്വും ശേഷം കുന്നംകുളം എച്ച്.എം.സി. യുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ ഫാന്‍സി വെടിക്കെട്ടും ഉണ്ടായി. തുടര്‍ന്ന് വിവിധ ആഘോഷക്കമ്മിറ്റികളുടെ രാത്രി പെരുന്നാള്‍ ആരംഭിച്ച് അതത് പ്രാദേശിക അതിര്‍ത്തികളില്‍ എഴുന്നെള്ളിപ്പുകള്‍ നടത്തി പുലര്‍ച്ചെയോടെ സമാപിച്ചു. പ്രധാന പെരുന്നാള്‍ ദിനമായ ബുധനാഴ്ച രാവിലെ 7.30 ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയും ഉണ്ടായി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് ശേഷം 45 പ്രാദേശിക പെരുന്നാള്‍ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള വര്‍ണ്ണാഭമായ ആഘോഷങ്ങള്‍ ആരംഭിക്കും. വൈകിട്ട് 4.30 ഓടെ വിവിധ ആഘോഷ കമ്മിറ്റികള്‍ പള്ളിയങ്കണത്തിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് നടക്കുന്ന പ്രസിദ്ധമായ കൂട്ടി എഴുന്നള്ളിപ്പില്‍ 35 ആനകള്‍ അണിനിരക്കും. 6 മണിയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ആശീര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. സ്റ്റീഫന്‍ ജോര്‍ജ്ജ്, ട്രസ്റ്റി പി.കെ. പ്രജോദ്, സെക്രട്ടറി ടി.എ. ജോണ്സണ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം നല്കി വരുന്നത്..



